സജീവന്റെ ആത്മഹത്യ നിർഭാഗ്യകരം; അപേക്ഷയിൽ കാലതാമസമുണ്ടായില്ല, ഉദ്യോഗസ്ഥർ മോശമായി പെരുമാറിയില്ലെന്നും കളക്ടർ

February 5, 2022
273
Views

കൊച്ചി: മത്സ്യത്തൊഴിലാളി മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്ത സംഭവം നിർഭാഗ്യകരമാണെന്ന് കളക്ടർ ജാഫർ മാലിക്. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് സജീവന്റെ അപേക്ഷയിൽ കാലതാമസം ഉണ്ടായിട്ടില്ല. സജീവനോട് ഉദ്യോഗസ്ഥർ മോശമായി പെരുമാറുകയോ കൈക്കൂലി ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും കളക്ടര്‍ വിശദീകരിച്ചു.

സജീവന്റെ അപേക്ഷ വേണ്ട രീതിയിൽ പരിഗണിച്ചിരുന്നു. പണം അടക്കാൻ ആവശ്യപ്പെട്ടപ്പോൾ മറുപടി ഉണ്ടായില്ല. സജീവന്റെ ആദ്യ അപേക്ഷയിൽ ഒക്ടോബറിന് ശേഷം തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഡിസംബറിൽ സജീവൻ പുതിയ അപേക്ഷ നൽകി.

ഈ അപേക്ഷ ഇതുവരെ പരിഗണിക്കാൻ സാധിച്ചിട്ടില്ല. പുതിയ അപേക്ഷ നൽകുമ്പോൾ പഴയ അപേക്ഷയുടെ കാര്യം സൂചിപ്പിക്കണം. ആയിരക്കണക്കിന് അപേക്ഷകളാണ് ദിവസവും ലഭിക്കുന്നത്. സർക്കാർ സംവിധാനത്തിൽ ഇത് തിരിച്ചറിയുക പ്രയാസമാണെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

പറവൂർ മാല്യങ്കര സ്വദേശി സജീവനാണ് കഴിഞ്ഞ ദിവസം വീട്ടുപറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചത്. ബാങ്ക് വായ്പ ലഭിക്കുന്നതിന്, ആധാരത്തില്‍ നിലം എന്നത് പുരയിടം എന്നാക്കി മാറ്റാനിറങ്ങിയ സജീവനെ വിവിധ സർക്കാര്‍ ഓഫീസുകള്‍ വട്ടംകറക്കുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം ആര്‍ഡിഒ ഓഫീസിലെത്തിയപ്പോൾ അപമാനിച്ച് ഇറക്കിവിട്ടെന്ന് ബന്ധുക്കള്‍ പറയുന്നു.

ഈ നാട്ടിലെ ദുഷിച്ച ഭരണ സംവിധാനവും കൈക്കൂലിയുമാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് കുറിപ്പ് എഴുതി വെച്ച്, ഒടുവില്‍ പുരയിടത്തിലെ മരക്കൊമ്പില്‍ ഒരു മുഴം കയറിൽ സജീവന്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *