ഐഎസ്‌എല്ലിന് 21ന് തുടക്കം ; ഗോളടിക്കാൻ വിദേശക്കരുത്ത്
കൊച്ചി ഇന്ത്യൻ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ 10–ാംസീസണിലും ഗോളടിക്കാൻ വിദേശനിര. 12 ക്ലബ്ബുകള്‍ക്കും മുന്നേറ്റനിരയില്‍ വിദേശതാരങ്ങളാണ്.
പുതിയ സീസണിന്റെ തുടക്കം ബുധനാഴ്ചയാണ്. കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലാണ് ആദ്യകളി.
ഫെറാൻ കൊറോമിനാസും ബര്‍തലോമിയോ ഒഗ്ബെച്ചെയും തുടങ്ങിയ ഗോളടിക്കാരായിരുന്നു കഴിഞ്ഞ സീസണുകളില്‍ ഐഎസ്‌എല്ലില്‍ നിറഞ്ഞുനിന്നത്. സുനില്‍ ഛേത്രിയായിരുന്നു ഇന്ത്യൻ സാന്നിധ്യം.
ഇക്കുറി നിലവിലെ ചാമ്ബ്യൻമാരായ മോഹൻ ബഗാൻ സൂപ്പര്‍ ജയന്റ് ആണ് കരുത്തിലും കണക്കുകൂട്ടലിലും മുന്നില്‍. മുന്നേറ്റനിരയുടെ കരുത്താണ് അവരുടെ ആത്മവിശ്വാസം. ഓസ്ട്രേലിയയുടെ ദിമിത്രോസ് പെട്രറ്റോസും ജാസണ്‍ കമ്മിങ്സും അല്‍ബേനിയക്കാരൻ അര്‍മാൻഡോ സാദിക്കുവും ഉള്‍പ്പെടുന്ന മുന്നേറ്റനിര എതിരാളികളുടെ പ്രതിരോധം തകര്‍ക്കാൻ കെല്‍പ്പുള്ളവരാണ്. യുവാൻ ഫെര്‍ണാണ്ടോയാണ് പരിശീലകൻ. മുൻ ചാമ്ബ്യൻമാരായ ഹൈദരാബാദിന് കോസ്റ്ററിക്കയുടെ ജൊനാതൻ മോയയാണ് മുൻനിരയില്‍. 2022 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള കോസ്റ്ററിക്കൻ ടീമില്‍ അംഗമായിരുന്നു. കൊണോര്‍ നെസ്റ്ററാണ് ഹൈദരാബാദിന്റെ പരിശീലകൻ.
കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി തകര്‍പ്പൻ കളിയാണ് ദിമിത്രിയോസ് ഡയമന്റാകോസ് എന്ന ഗ്രീക്കുകാരൻ പുറത്തെടുത്തത്. 12 ഗോള്‍ ആകെ നേടി. ഈ സീസണിലും ഡയമന്റാകോസാണ് ഇവാൻ വുകോമനോവിച്ചിന്റെ സംഘത്തിന്റെ പ്രതീക്ഷ. ഒഡിഷ എഫ്സിക്ക് ദ്യേഗോ മൗറീസിയോ എന്ന ബ്രസീലുകാരനാണ് ഗോള്‍വേട്ടയ്ക്ക്. കഴിഞ്ഞ സീസണില്‍ 23 ഗോളുമായി ടോപ് സ്കോററായി.
നവാഗതരായ പഞ്ചാബ് എഫ്സി വില്‍മര്‍ ജോര്‍ദാൻ ഗില്ലുമായാണ് എത്തുന്നത്. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കായി എട്ട് ഗോളാണ് കൊളംബിയക്കാരൻ നേടിയത്.
ജോര്‍ജ് പെരേര ഡയസാണ് മുംബൈ സിറ്റി എഫ്സിയുടെ ഊര്‍ജം. ഗോളടിക്കാൻ മാത്രമല്ല ഗോളടിപ്പിക്കാനും മിടുക്കനാണ് ഈ അര്‍ജന്റീനക്കാരൻ.
കഴിഞ്ഞ സീസണില്‍ 11 ടീമുകളായിരുന്നു. പഞ്ചാബ് എഫ്സി എത്തിയതോടെ എണ്ണം 12 ആയി.ടീമുകള്‍: ബംഗളൂരു എഫ്സി, ചെന്നൈയിൻ എഫ്സി, ഈസ്റ്റ് ബംഗാള്‍, എഫ്സി ഗോവ, ഹൈദരാബാദ് എഫ്സി, ജംഷഡ്പുര്‍ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, മോഹൻ ബഗാൻ സൂപ്പര്‍ ജയന്റ്, മുംബൈ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ്സി, പഞ്ചാബ് എഫ്സി.