സര്‍ക്കാര്‍ സഹായം വൈകുന്നതിനാല്‍ കടക്കെണിയിലായ സപ്ലൈകോയുടെ സംസ്ഥാനത്തെ വില്പനശാലകള് അരിയടക്കം അവശ്യസാധനങ്ങളെല്ലാം തീര്‍ന്ന് പ്രതിസന്ധിയില്‍.
കൊച്ചി: സര്‍ക്കാര്‍ സഹായം വൈകുന്നതിനാല്‍ കടക്കെണിയിലായ സപ്ലൈകോയുടെ സംസ്ഥാനത്തെ വില്പനശാലകള് അരിയടക്കം അവശ്യസാധനങ്ങളെല്ലാം തീര്‍ന്ന് പ്രതിസന്ധിയില്‍.
സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും പീപ്ള്‍സ് ബസാറുകളിലുമടക്കം സബ്സിഡി സാധനങ്ങള്‍ പോലുമില്ല. 1500ല്‍പരം വില്പന കേന്ദ്രങ്ങളില്‍ മിക്കയിടത്തും സബ്സിഡിയിതര സാധനങ്ങളും സ്റ്റോക്കില്ല. സബ്സിഡി സാധനങ്ങളുണ്ടെങ്കിലേ ജനം വില്പനശാലകളിലേക്ക് വരൂ. മാസം 36 മുതല്‍ 44 ലക്ഷംവരെ പേരാണ് സബ്സിഡി സാധനങ്ങള്‍ വാങ്ങിയിരുന്നത്. തേയില, കറിപ്പൊടികള്‍ തുടങ്ങിയവയും വില കുറച്ച് വിറ്റിരുന്നു. ഇതോടൊപ്പം സബ്സിഡിയിതര സാധനങ്ങളും മറ്റും വില്പനയാകുന്നതാണ് സപ്ലൈകോയുടെ വരുമാനം. മാസങ്ങളായി ഇതൊന്നും നടക്കുന്നില്ല. ഇതോടെ 9-10 കോടി രൂപയില്‍നിന്ന് നാലുകോടിയില്‍ താഴെയായി പ്രതിദിന വരുമാനം.
കോടികളുടെ കുടിശ്ശിക പതിന്മടങ്ങായതോടെ പ്രതിസന്ധിയിലായ സപ്ലൈകോക്ക് മുൻകൂര്‍ പണം കിട്ടാതെ വിതരണക്കാര്‍ സാധനങ്ങള്‍ നല്‍കാതായതാണ് പ്രശ്നമായത്.
സാധനങ്ങള്‍ക്ക് വിലവര്‍ധന ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി സര്‍ക്കാറിന് കത്ത് നല്‍കിയത് പരിഗണിക്കപ്പെടാതിരിക്കെ സാമ്ബത്തിക സഹായവും അനുവദിക്കാത്തതാണ് സ്ഥിതി ഗുരുതരമാക്കിയത്. 13 സബ്സിഡി സാധനങ്ങളുടെ വില അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാറിനെ സമീപിച്ചത്.
20 മുതല്‍ 30 ശതമാനം വരെ വില കുറച്ച് ഫ്രീ സെയില്‍ സബ്സിഡി നിരക്കില്‍ നല്കുന്ന 28 ഉല്പന്നങ്ങളുടെ വില വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിലെ രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധി മറികടക്കാൻ മറ്റു വഴിയില്ലെന്നാണ് സപ്ലൈകോയുടെ നിലപാട്.
വിപണി ഇടപെടല്‍ നടത്തിയ ഇനത്തില്‍ 1524 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. കോവിഡ് കാലത്തും മറ്റും കിറ്റ് നല്കിയ ഇനത്തില്‍ ലഭിക്കേണ്ട തുകയും ഇതില്‍പെടും.
കരാറുകാര്‍ക്കുള്ള സപ്ലൈകോയുടെ കുടിശ്ശിക 600 കോടിയിലേറെയാണ്. ഇത് അനുവദിക്കാതെ സാധനങ്ങള്‍ നല്‍കില്ലെന്ന കര്‍ശന നിലപാടാണ് കരാറുകാര്‍.