സപ്ലൈകോ സബ്‌സിഡി നിലച്ചിട്ട് 5 മാസം ; വിപണിയില്‍ വിലക്കയറ്റം, അരിവില കുതിക്കുന്നു

January 21, 2024
33
Views

സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങളുടെ വിതരണം നിലച്ചിട്ട് അഞ്ച് മാസത്തോളമായതോടെ പൊതുവിപണിയില്‍ അരി ഉള്‍പ്പെടെയുള്ളവയുടെ വില വർദ്ധിച്ചു തുടങ്ങി.

തിരുവനന്തപുരം: സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങളുടെ വിതരണം നിലച്ചിട്ട് അഞ്ച് മാസത്തോളമായതോടെ പൊതുവിപണിയില്‍ അരി ഉള്‍പ്പെടെയുള്ളവയുടെ വില വർദ്ധിച്ചു തുടങ്ങി.

ഗ്രാമങ്ങളിലെ ചില്ലറ വിപണന കേന്ദ്രങ്ങളില്‍ അരിവില കിലോഗ്രാമിന് 50 രൂപ കടന്നു. പലവ്യഞ്ജനത്തിനും വില കൂടി.

ഒരു മാസംമുമ്ബ് 42 മുതല്‍ 46 രൂപ വിലയുണ്ടായിരുന്ന വടി അരിക്ക് ഇന്നലെ മൊത്തവില 52 രൂപ വരെയായി. ചില്ലറ വിപണിയില്‍ 58 രൂപവരെയാണ് വില. ഉണ്ട അരിക്ക് മൊത്ത വിപണിയില്‍ 42-44 രൂപയും ചില്ലറ വിപണിയില്‍ 48-53 രൂപയുമാണ് വില. ആന്ധ്രയില്‍ നിന്നുള്ള വെള്ള അരിക്ക് (ജയ) 41 രൂപയാണ് മൊത്തവിപണി വില. പായ്ക്കറ്റ് ചെയ്ത അരി വില കിലോഗ്രാമിന് 60 മുതല്‍ 70 രൂപവരെ നല്‍കണം.

സപ്ലൈകോ വിപണന കേന്ദ്രങ്ങളില്‍ അരി കിലോഗ്രാമിന് 25 രൂപയ്ക്ക് ലഭിക്കുമായിരുന്നു. എല്ലാത്തരം റേഷൻ കാർഡ‌ുകാർക്കും സബ്സഡി ലഭിക്കുന്നതിനാല്‍ സാധാരണക്കാർക്ക് അനുഗ്രഹമായിരുന്നു. ഓണത്തിനും ക്രിസ്മസിനുംപോലും ചില ദിവസങ്ങളില്‍ മാത്രമാണ് സബ്സിഡി നിരക്കില്‍ കച്ചവടം നടന്നത്.

സബ്സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ശുപാർശ ചെയ്ത വിദഗ്ധ സമിതി റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ മന്ത്രിസഭ റിപ്പോർട്ട് ഉടൻ അംഗീകരിക്കാൻ സാദ്ധ്യതയില്ല.

കുടിശ്ശിക തുകയായ 800 കോടി രൂപ കിട്ടാതെ സാധനങ്ങള്‍ എത്തിക്കില്ലെന്ന നിലപാടിലാണ് വിതരണക്കാർ.

സബ്സി‌ഡി ഇല്ലാത്ത സാധനങ്ങളുടെ വിതരണവും നിലയ്ക്കുന്ന അവസ്ഥയായിരുന്നു. സപ്ലൈകോയ്ക്ക് ലഭിക്കാനുള്ള തുകയില്‍ 100 കോടി രൂപ ധനവകുപ്പ് കഴിഞ്ഞ ആഴ്ച അനുവദിച്ചിരുന്നു. ചില വിതരണക്കാർക്ക് അതില്‍ നിന്നു നാമമാത്ര കുടിശ്ശിക നല്‍കിയതിനെ തുടർന്നാണ് കുറച്ചെങ്കിലും സാധനം എത്തുന്നത്.

വില്‍പ്പന കുറഞ്ഞു,

വരുമാനം രഹസ്യം

പ്രതിദിനം എട്ടു കോടി മുതല്‍ 10 കോടി രൂപയ്ക്കു വരെ വിറ്റുവരവുണ്ടായിരുന്നിടത്ത് ഒരു കോടി രൂപ പോലും വിറ്റുവരവില്ലാത്ത അവസ്ഥയിലേക്ക് കൂപ്പുകുത്തിയതോടെ, സപ്ലൈകോ വിറ്റുവരവ് വിവരങ്ങള്‍ സ്വന്തം വെബ്സൈറ്റില്‍ നിന്നു നീക്കംചെയ്തു. ഡിസംബർ 15ലെ വരുമാനം 70.59 ലക്ഷം രൂപയായിരുന്നു. അതിനുശേഷമാണ് വിവരം നീക്കിയത്.

പൊതുവിപണിയിലെ വിലക്കയറ്റം

(മൊത്തവില)

ഇനം (കി.ഗ്രാം) ———– നിലവിലെ വില——- ഒരു മാസം മുമ്ബ്

മട്ട വടി അരി ………………………….46-52………………………….42-56

മട്ട ഉണ്ടഅരി…………………………42- 44………………………….38-42

ആന്ധ്രവെള്ള………………………..41-41………………………….38-40

സുരേഖ…………………………………43- 47………………………….39-41

പരിപ്പ്……………………………………..110-125………………………95-100

ഉഴുന്ന്…………………………………..130-135………………………100-110

കടല………………………………………..70-80…………………………..60-70

1425 കോടി :

സർക്കാർ സപ്ളൈകോയ്ക്ക്

നല്‍കാനുള്ള കുടിശിക

”സാമ്ബത്തിക പ്രശ്നങ്ങള്‍ക്ക് ഉടൻ പരിഹാരമുണ്ടാകും. ചർച്ചകള്‍ പുരോഗമിക്കുകയാണ്. ജനത്തിനു നേരിടുന്ന ബുദ്ധിമുട്ടുകള്‍ അകറ്റുക തന്നെ ചെയ്യും”

– ജി.ആർ.അനില്‍, ഭക്ഷ്യമന്ത്രി

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *