കടത്തിന് നല്‍കുന്ന പലിശ സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
ന്യൂഡല്‍ഹി: കടത്തിന് നല്‍കുന്ന പലിശ സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രനിലപാടിനെതിരേ കേരളം നല്‍കിയ സ്യൂട്ട് ഹര്‍ജിയിലാണ് കേന്ദ്രം സുപ്രീം കോടതിയെ നിലപാട് അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി കടമെടുക്കുന്ന കിഫ്ബിക്കും കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിനും സ്വന്തമായി വരുമാനം ഇല്ലെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കടത്തിന് നല്‍കുന്ന പലിശ സംസ്ഥാനത്തിന് ബാധ്യതയാകുന്നെന്നാണ് കേന്ദ്രം കുറിപ്പില്‍ വിശദീകരിച്ചിരിക്കുന്നത്. 14-ാം ധനകാര്യ കമ്മിഷന്‍ പലിശയിനത്തില്‍ നല്‍കുന്ന തുക റവന്യു വരുമാനത്തിന്റെ 10 ശതമാനത്തില്‍ അധികമാകരുതെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കേരളം പലിശയിനത്തില്‍ ഇപ്പോള്‍ നല്‍കുന്നത് റവന്യു വരുമാനത്തിന്റെ 19.98 % ആണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കടമെടുക്കുന്ന പണം, കേരളം ഉത്പാദന മേഖലകളിലല്ല നിക്ഷേപിക്കുന്നതെന്നും പെന്‍ഷന്‍, ശമ്ബളം എന്നിവപോലുള്ള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും കേന്ദ്രം ആരോപിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ ചെലവ് വലിയതോതില്‍ വര്‍ധിക്കുകയാണ്. 2018 -19 വര്‍ഷത്തില്‍ റവന്യൂ വരുമാനത്തിന്റെ 78 ശതമാനമായിരുന്നു ചെലവ്. 2021-22-ല്‍ ഇത് 82.40 ശതമാനം ആയി ഉയര്‍ന്നു. സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് കേന്ദ്രം കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ധനകമ്മിയിലും വര്‍ധനവാണ് രേഖപ്പെടുത്തുന്നതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. 2017 – 18 സാമ്ബത്തിക വര്‍ഷം ധനകമ്മി 2.41 ശതമാനം ആയിരുന്നു. ഇത് 2021 – 22 സാമ്ബത്തിക വര്‍ഷത്തില്‍ 3.17 ശതമാനമായി ഉയര്‍ന്നതായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.