ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ തെക്കേ അറയില്‍ പൂജ തുടരാൻ അനുമതി നല്‍കി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മസ്ജിദ് കമ്മിറ്റി പൂജയ്‌ക്ക് അനുമതി നല്‍കിയതിനെതിരെ സമർപ്പിച്ച അപ്പീല്‍ പരിഗണിക്കവേ ഇക്കാര്യം വ്യക്തമാക്കിയത്.
ജൂലായിലാണ് കേസില്‍ കോടതി അന്തിമവാദം കേള്‍ക്കുക.ഗ്യാൻവാപി മസ്ജിദില്‍ പൂജ നടത്താൻ അനുമതി നല്‍കിക്കൊണ്ടുള്ള വാരണാസി ജില്ലാ കോടതി നല്‍കിയ അനുമതിക്കെതിരായ ഹർജികള്‍ അലഹബാദ് കോടതി തള്ളിയതിനെത്തുടർന്ന് മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
നിലവറയിലെ പൂജ പള്ളിയിലെ നിസ്കാരത്തിന് തടസ്സമല്ല എന്ന് ചൂണ്ടിക്കാട്ടിയ കോടതി ഗ്യാൻവാപിയിലെ പൂജ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം തള്ളുകയും തല്‍ക്കാലം രണ്ടും തുടരട്ടെ എന്ന് നിർദ്ദേശിക്കുകയും ചെയ്തു. ജില്ലാ കോടതി തെക്കേ നിലവറയില്‍ പൂജയ്‌ക്ക് അനുമതി നല്‍കിയ ഉത്തരവില്‍ നിലവില്‍ ഇടപെടേണ്ടതില്ല എന്ന വ്യക്തമാക്കി കൊണ്ടാണ് ഹൈക്കോടതി അപ്പീല്‍ തള്ളിയത്.
നിലവറകളില്‍ 1993 വരെ പൂജ നടന്നിരുന്നു എന്നതിന് വ്യക്തമായ രേഖകളുണ്ടെന്നും ഇത് തടഞ്ഞുകൊണ്ടുള്ള അന്നത്തെ സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധമാണെന്നും കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്. ആരാധനാസ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദത്തിന്റെ ലംഘനമാണിത് എന്നും ആരാധന നടത്താനുള്ള വ്യാസ് കുടുംബത്തിന്റെ അവകാശമാണ് ഇതിലൂടെ ഹനിക്കപ്പെട്ടത് എന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.