കാവേരി നദിയില്‍നിന്നും 24,000 ക്യുസെക്സ് ജലം വിട്ടുനല്‍കാൻ കര്‍ണാടകത്തിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നല്കിയ ഹര്‍ജി
ന്യൂഡല്‍ഹി കാവേരി നദിയില്‍നിന്നും 24,000 ക്യുസെക്സ് ജലം വിട്ടുനല്‍കാൻ കര്‍ണാടകത്തിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നല്കിയ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കാവേരി ജല മാനേജ്മെന്റ് അതോറിറ്റിക്ക് (സിഡബ്ലിയുഎംഎ) സുപ്രീംകോടതി നിര്‍ദേശം നല്കി.
അടുത്ത രണ്ടാഴ്ചത്തേക്ക് വെള്ളം വിട്ടുകൊടുക്കുന്ന കാര്യം പരിഗണിക്കാൻ തിങ്കളാഴ്ച കാവേരി വാട്ടര്‍ റെഗുലേറ്ററി കമ്മിറ്റി (സിഡബ്ലിയുആര്‍സി) യോഗം ചേരുന്നുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യാഭാട്ടി അറിയിച്ചു.
കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയും കാവേരി വാട്ടര്‍ റെഗുലേറ്ററി കമ്മിറ്റിയും നിര്‍ദേശിച്ച ജലം നല്കാൻ കര്‍ണാടകം തയ്യാറാകുന്നില്ലെന്നാണ് തമിഴ്നാടിന്റെ പരാതി. അതേസമയം, ജല മാനേജ്മെന്റ് അതോറിറ്റി നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ ജലം ഇതിനോടകം വിട്ടുകൊടുത്തിട്ടുണ്ടെന്നാണ് കര്‍ണാടകത്തിന്റെ വാദം. വിഷയത്തില്‍ കോടതിക്ക് വൈദഗ്ധ്യം ഇല്ലെന്നും ബന്ധപ്പെട്ട സമിതികള്‍ വെള്ളിയാഴ്ചയ്ക്കുള്ളില് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് ഭൂഷണ് ഗവായ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.