അലോപ്പതി മെഡിക്കല്‍ കോളജ് അധ്യാപകരുടേതിന് സമാനമായി, തങ്ങളുടെ വിരമിക്കല്‍ പ്രായം 55ല്‍നിന്ന് 60 ആയി ഉയര്‍ത്തണമെന്ന ഹോമിയോപ്പതി അധ്യാപകരുടെ ഹരജി സുപ്രീംകോടതി തള്ളി.
ന്യൂഡല്‍ഹി: അലോപ്പതി മെഡിക്കല്‍ കോളജ് അധ്യാപകരുടേതിന് സമാനമായി, തങ്ങളുടെ വിരമിക്കല്‍ പ്രായം 55ല്‍നിന്ന് 60 ആയി ഉയര്‍ത്തണമെന്ന ഹോമിയോപ്പതി അധ്യാപകരുടെ ഹരജി സുപ്രീംകോടതി തള്ളി.
ഇക്കാര്യമാവശ്യപ്പെട്ട് കേരള ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളിയതിനെ തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട അപ്പീല്‍ തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്. സര്‍വിസില്‍നിന്ന് പിരിഞ്ഞവര്‍ക്ക്, പിന്നീട് വന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വിരമിക്കല്‍ പ്രായം ഉയര്‍ത്തിയതില്‍ അവകാശവാദം ഉന്നയിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. 2010ലാണ് അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇതിനിടെ, ഹോമിയോ കോളജ് അധ്യാപകരുടെ വിരമിക്കല്‍ പ്രായം 60 ആക്കി കേരള സര്‍ക്കാര്‍ 2012ല്‍ ഉത്തരവിറക്കിയിരുന്നു. ആയുര്‍വേദ, ഡെന്റല്‍ കോളജ് അധ്യാപകരുടെ വിരമിക്കല്‍ പ്രായവും ഇതുപോലെ ഉയര്‍ത്തുകയുണ്ടായി.
തുടര്‍ന്ന്, സര്‍ക്കാര്‍ ഉത്തരവിന് ഹരജിക്കാര്‍ മുൻകാല പ്രാബല്യം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, വിരമിക്കല്‍ പ്രായം നിശ്ചയിക്കല്‍ തീര്‍ത്തും നയപരമായ കാര്യമാണെന്നും അത് സംസ്ഥാന സര്‍ക്കാറിന്റെ അധികാരപരിധിയാണെന്നും ജസ്റ്റിസ് ഹിമ കോഹ്‍ലി, ജസ്റ്റിസ് രാജേഷ് ബിന്തല്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.