കണ്ണൂര്‍: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനാവാനില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി നടനും രാജ്യ സഭാ എം പിയുമായ സുരേഷ് ഗോപി. ഇപ്പോഴത്തെ ജോലിയില്‍ വളരെയധികം സംതൃപ്തനാണെന്നും അതുതുടരാന്‍ അനുവദിക്കണമെന്നും മുതിര്‍ന്ന ബി ജെ പി നേതാവ് പി പി മുകുന്ദനുമായുളള കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം മാദ്ധ്യമങ്ങളാേടു പറഞ്ഞു. ഇന്നുരാവിലെയായിരുന്നു കൂടിക്കാഴ്ച. ഇതില്‍ സംഘടനാകാര്യങ്ങളും ചര്‍ച്ചയായെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
സുരേഷ് ഗോപിയെ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനാക്കുമെന്ന് കുറച്ചുനാളുകളായി അഭ്യൂഹമുണ്ടായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ വാര്‍ത്ത നിഷേധിക്കുകയായിരുന്നു താരം. വിവിധ ജില്ലകളിലെ ജനകീയ പ്രശ്നങ്ങളില്‍ സുരേഷ് ഗോപി കൂടുതല്‍ ഇടപെടാന്‍ തുടങ്ങിയതും അതിന് മാദ്ധ്യമശ്രദ്ധ കിട്ടിയതോടെയുമാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചുതുടങ്ങിയത്.
സംസ്ഥാന അദ്ധ്യക്ഷനെ മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോഴത്തെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രും കേന്ദ്രമന്ത്രി വി മുരളീധരനും നേരത്തേ തള്ളിയിരുന്നു. നേതൃസ്ഥാനത്തേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്ന കാര്യം അറിഞ്ഞിട്ടില്ലെന്നും, മാദ്ധ്യമങ്ങള്‍ വഴിയാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞതെന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞത്.