കൊച്ചി: സ്വപ്ന സുരേഷിൻ്റെ വ്യാജ സർട്ടിഫിക്കറ്റിൽ തുടരന്വേഷണത്തിനായി പൊലീസ് മഹാരാഷ്ട്രയിലേക്ക് പോകും. സ്വപ്ന ബിരുദം നേടിയെന്ന് പറയുന്ന മഹാരാഷ്ട്രയിലെ അംബേദ്കർ സർവകലാശാലയിൽ നേരിട്ട് പോയി അന്വേഷിക്കാനാണ് പൊലീസിന്റെ നീക്കം.
അതേസമയം, നിയമനവും വിദ്യാഭ്യാസയോഗ്യതയും സംബന്ധിച്ച് സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലുണ്ടായിട്ടും ശിവശങ്കറിനെതിരെ വ്യാജബിരുദ സർട്ടിഫിക്കറ്റ് കേസിൽ പൊലീസ് അന്വേഷണം നടത്തിയിട്ടില്ല. അതേസമയം പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യൽ സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് കിട്ടിയിട്ടില്ലെന്നും തൻ്റെ ഇമെയിലിന് സാങ്കേതിക പ്രശ്നമുണ്ടെന്നും സ്വപ്ന പറഞ്ഞു. ഇഡി നോട്ടീസിനെപ്പറ്റി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വിഷയത്തിൽ അന്വേഷണ ഏജൻസികളുമായി സഹകരിക്കും ഇഡി എന്തിനാണ് വിളിച്ചതെന്ന് അറിയില്ലെന്നും ഇഡി ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.