തിരുവനന്തപുരം: പൊലീസിന്‍റെ നിര്‍ബന്ധത്താല്‍ മദ്യം റോഡിലൊഴുക്കി കളയേണ്ടി വന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫൻ നടത്തുന്ന ഹോം സ്റ്റേയും നിയമക്കുരുക്കില്‍. 2018ല്‍ 1.5 കോടി രൂപ കൊടുത്തു വാങ്ങിയ ഹോം സ്റ്റേയാണ് നിയമകുരുക്കില്‍പെട്ടത്.
മലയാളം അറിയാത്ത സ്റ്റീഫനെ ഇടനിലക്കാരായി നിന്നവര്‍ പറ്റിച്ചെന്നാണ് ആരോപണം. 2010 ല്‍ സ്വീഡനില്‍നിന്നു കേരളം കാണാന്‍ കുടുബത്തോടെ കോവളത്തെത്തിയ സ്റ്റീഫന്‍ പിന്നീട് താമസിച്ച ഹോം സ്റ്റേ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
2015 ലാണ് ഹോം സ്റ്റേ വാങ്ങാന്‍ തീരുമാനിച്ചത്. സ്വീഡിഷ് പൗരനു ഭൂമി വാങ്ങുന്നതിനുള്ള തടസ്സം മറികടക്കാനായി നാട്ടിലുള്ളവര്‍ ഉള്‍പ്പെട്ട ഒരു കമ്പനി രുപീകരിച്ചു. വസ്തുവിന്‍റെ തുകയായ 1.5 കോടി രൂപ ഇവരുടെ പേര്‍ക്കാണ് ട്രാന്‍സ്ഫര്‍ ചെയ്തത്. ഹോസ്റ്റേയും 14 സെന്‍റ് പുരയിടവുമാണ് ഇവിടെയുണ്ടായിരുന്നത്.
ഹോം സ്റ്റേയിൽ 9 സെന്‍റുമാത്രമാണ് സ്റ്റീഫന് ആധാരം ചെയ്തു കിട്ടിയത്. 5 സെന്‍റും വീടുമായി മറ്റൊരു സ്ത്രീയും ഈ കോംപൗണ്ടിലുണ്ട്. ഇതിലേക്കുള്ള വഴിയുള്‍പ്പെടെയുള്ള പ്രശ്നങ്ങളുമായി കേസ് ഹൈക്കോടതിയിലാണ്. ഇതില്‍ തീരുമാനമാകാതെ സ്റ്റീഫനു ഈ ഭൂമി കൈമാറാനും, ഹോം സ്റ്റേ നടത്തുന്നതിനും നിയമ തടസ്സമുണ്ട്.