കൊച്ചി: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനും സ്വപ്ന സുരേഷിനും പിഴ ചുമത്തി കസ്റ്റംസ്.
സ്വപ്നക്ക് ആറു കോടി രൂപയും ശിവശങ്കറിന് 50 ലക്ഷം രൂപയും പിഴ ചുമത്തി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ രാജേന്ദ്ര കുമാറാണ് ഉത്തരവിറക്കിയത്. രണ്ട് മുൻ നയതന്ത്ര ഉദ്യോഗസ്ഥരടക്കം കേസില്‍ 44 പ്രതികള്‍ക്ക് ആകെ 66.60 കോടിയാണ് പിഴയിട്ടത്.
2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്സില്‍ നിന്നും 14.82 കോടി രൂപ വില വരുന്ന 30 കിലോഗ്രാം സ്വര്‍ണം പിടികൂടിയത്.
പിടിച്ചെടുത്ത സ്വര്‍ണത്തിനു പുറമേ, നയതന്ത്ര ബാഗേജ് കള്ളക്കടത്തു സംഘം 2019 നവംബറിനും 2020 മാര്‍ച്ചിനും ഇടയില്‍ 46.50 കോടി രൂപ വിലവരുന്ന 136.828 കിലോഗ്രാം സ്വര്‍ണം കടത്തിയെന്ന് വ്യക്തമാണെന്ന് ഉത്തരവിലുണ്ട്.
അതേസമയം, ഉത്തരവിനെതിരേ പ്രതികള്‍ക്ക് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാം. ട്രിബ്യൂണലിന് ഉത്തവ് ശരിവെയ്ക്കുകയോ തിരുത്തലുകള്‍ ആവശ്യപ്പെടുകയോ ചെയ്യാം.
ഇതുകൂടാതെ ഡോളര്‍ കടത്ത് കേസില്‍ സ്വപ്നയും ശിവശങ്കറും 65 ലക്ഷം രൂപ വീതവും പിഴയടക്കണം. കസ്റ്റംസ് പ്രിവന്റിവ് കമീഷണര്‍ രാജേന്ദ്ര കുമാറിന്റേതാണ് ഉത്തരവ്.