ഭീകര സംഘടനയായ താലിബാൻ ഉപയോഗിച്ചുവരുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് വാട്സാപ്പ്

October 18, 2021
426
Views

കാലിഫോർണിയ: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത ഭീഗര സംഘടനയായ താലിബാൻ ഉപയോഗിച്ചുവരുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് വാട്സാപ്പ്. അമേരിക്ക നിരോധനമേർപ്പെടുത്തിയ തീവ്രവാദ സംഘടനയാണ് താലിബാൻ. വാട്സാപ്പിന്റെ ഡേയ്ഞ്ചറസ് ഓർഗനൈസേഷൻ പോളിസി അടിസ്ഥാനമാക്കിയാണ് നിരോധനം.

താലിബാൻ അവരുടെ ഭരണാവശ്യങ്ങൾക്കായി തങ്ങളുടെ സേവനം ഉപയോഗിക്കുന്നത് വിലക്കാനാണ് വാട്സാപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി അക്രമവും കൊള്ളയും സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനായി താലിബാൻ സ്ഥാപിച്ച ഒരു വാട്ട്സ്ആപ്പ് ഹോട്ട്ലൈൻ ഫേസ്ബുക്ക് നീക്കം ചെയ്തു.

താലിബാന്റെ ഔദ്യോഗിക അക്കൗണ്ടായി നിലകൊള്ളുന്ന അക്കൗണ്ടുകൾ വാട്സാപ്പ് നിരോധിക്കും. താലിബാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതോ പിന്തുണയ്ക്കുന്നതോ അവരെ പ്രതിനിധീകരിക്കുന്നതോ ആയ അക്കൗണ്ടുകൾ ഇതിൽ പെടും.

അഫ്ഗാനിസ്ഥാനിലെ ജനജീവിതം തന്നെ ദുസ്സഹമാക്കുകയും രാജ്യത്ത് യുദ്ധസമാന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുകൊണ്ടാണ് താലിബാൻ രാജ്യത്തിന്റെ ഭരണനിയന്ത്രണം ഏറ്റെടുത്തത്. താലിബാന്റെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമ സേവനങ്ങൾക്ക് മേൽ ആഗോള തലത്തിൽ സമ്മർദമുണ്ടായിരുന്നു.

അഫ്ഗാനിസ്ഥാനിലെ ദരി, പഷ്തു ഭാഷകൾ വശമുള്ള വിദഗ്ദരുൾപ്പെടുന്ന സംഘത്തെയാണ് താലിബാൻ അക്കൗണ്ടുകൾ പരിശോധിച്ച് കണ്ടെത്തുന്നതിനായി ഫെയ്സ്ബുക്ക് നിയോഗിച്ചിരിക്കുന്നത്. രാജ്യത്തെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും ഫെയ്സ്ബുക്ക് പറഞ്ഞു.

അതേസമയം ഇത് അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്ന നടപടിയാണ് എന്ന് താലിബാൻ വക്താവ് വിമർശിച്ചു. ഒരു വാർത്താ സമ്മേളനത്തിനിടെ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് പ്രതിനിധി ഫെയ്സ്ബുക്കിനെ വിമർശിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് അവകാശപ്പെടുന്നവർ എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കാൻ അനുവദിക്കുന്നില്ല എന്ന് താലിബാൻ വക്താവ് പറഞ്ഞു.

Article Categories:
Latest News · Latest News · World

Leave a Reply

Your email address will not be published. Required fields are marked *