ലഖ്നോ: താലിബാൻ ഇന്ത്യക്ക് നേരെ തിരിഞ്ഞാൽ വ്യോമാക്രമണം നടത്തി തരിപ്പണമാക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്നറിയിപ്പ്. അഫ്ഗാനിസ്താനും പാകിസ്താനും താലിബാൻ കാരണം ഏറെ അസ്വസ്ഥമാണെന്നും യോഗി പറഞ്ഞു. ലഖ്നോവിൽ സാമാജിക് പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യോഗി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഇന്ന് അതിശക്തമാണ്. ഒരു രാജ്യവും ഇന്ത്യക്ക് നേരെ കണ്ണുകൾ ഉയർത്താൻ തയാറാകില്ല. ഇന്ന് അഫ്ഗാനിസ്താനും പാകിസ്താനും താലിബാൻ കാരണം അസ്വസ്ഥമാണ്. എന്നാൽ, ഇന്ത്യയിലേക്ക് അടുക്കുകയാണെങ്കിൽ ഒരു വ്യോമാക്രമണം തയാറായി നിൽക്കുന്നുണ്ടെന്ന കാര്യം താലിബാന് വ്യക്തമായി അറിയാം -യോഗി പറഞ്ഞു.
യു.പിയിൽ എസ്.പിക്കും ബി.എസ്.പിക്കും കോൺഗ്രസിനും വികസനത്തിന്റെ കാര്യത്തിൽ ഒന്നും ചെയ്യാനില്ല. രാമഭക്തരെ കൊലപ്പെടുത്താൻ നേതൃത്വം നൽകിയവർ അവരോട് മാപ്പ് ചോദിക്കാൻ തയാറാകുമോയെന്നും എസ്.പിയെ ലക്ഷ്യമിട്ട് പേര് പരാമർശിക്കാതെ യോഗി ചോദിച്ചു.