തിരുവനന്തപുരം: സംസ്‌ഥാനത്ത് നികുതി കുടിശിക പിരിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള നികുതി സമാഹരണ നടപടി ഊര്‍ജിതമാക്കുമെന്ന് മന്ത്രി കെ.എന്‍.
ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു. ഒക്‌ടോബര്‍ മുതല്‍ ജി.എസ്.ടി. ഓഡിറ്റ് വിഭാഗം ഫീല്‍ഡില്‍ ഇറങ്ങും. അഞ്ചുവര്‍ഷത്തെയും ഓഡിറ്റ് നടത്തും. ഐ.ജി.എസ്.ടിയിലെ പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക കര്‍മ്മസമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. റോജി എം. ജോണിന്റെ അടിയന്തരപ്രമേയത്തിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ഐ.ജി.എസ്.ടിയില്‍ ഇപ്പോഴാണു കേന്ദ്രത്തിന്റെ രീതി വന്നത്. നമ്മള്‍ അതിനോട് ചേര്‍ന്നിട്ടുണ്ടെന്ന് മന്ത്രി വ്യക്‌തമാക്കി. എന്നിട്ടും ഐ.ജി.എസ്.ടി. നഷ്‌ടം എത്രയെന്ന് കണ്ടെത്താന്‍ കഴിയുന്നില്ല. സംസ്‌ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന സാമ്ബത്തിക ബുദ്ധിമുട്ടിന്റെ ഏറ്റവും വലിയ പ്രതി കേന്ദ്രസര്‍ക്കാരാണ്. കേരളത്തില്‍നിന്ന് ഒരു രൂപ നികുതി പരിച്ചുകൊണ്ടുപോകുമ്ബോള്‍ ഇവിടെ 25 പൈസയാണ് തിരിച്ചുകിട്ടുന്നത്. യു.പിക്ക് രണ്ടുരൂപയിലധികമാണ് നല്‍കുന്നത്. 40,000 കോടി വെട്ടിക്കുറച്ചതിന് പുറമെയാണ് നമ്മള്‍ കൊടുത്തതില്‍ തിരിച്ചുതരാനുള്ളത്. പല പദ്ധതികളും കേന്ദ്രം നിര്‍ത്തി.
കേരളത്തിനകത്ത് സ്വര്‍ണം കൊണ്ടുപോകാന്‍ രേഖകള്‍ വേണമെന്നതിന്റെ ഉത്തരവ് ഉടന്‍ ഇറക്കും. എത്ര ലക്ഷം രൂപ വരെ പരിധി വയ്‌ക്കണമെന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ്. പാര്‍ലമെന്റ് മണ്ഡലങ്ങളുടെ പുനഃസംഘടന വരാന്‍ പോകുകയാണ്. 2021ലെ ജനസംഖ്യ വച്ച് തീരുമാനിച്ചാല്‍ കേരളത്തില്‍ സീറ്റ് കുറയും. അത് രാഷ്‌ട്രീയമായും സംസ്‌ഥാനം എന്ന നിലയിലും കേരളത്തെ ബാധിക്കും.
സംസ്‌ഥാനത്തിന് ജി.എസ്.ടി നഷ്‌ടം 75,000 കോടിവരെ :പ്രതിപക്ഷനേതാവ്
സംസ്‌ഥാനത്തിന്റെ പിടിപ്പുകേടുകൊണ്ടും മുന്‍ ധനമന്ത്രിയുടെ നിലപാടുകൊണ്ടും കേരളത്തിന് ജി.എസ്.ടി നടപ്പാക്കിയശേഷം 50,000 മുതല്‍ 75,000 കോടി രൂപയുടെ വരെ നികുതി നഷ്‌ടമുണ്ടായെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.
കേരളത്തിന് അര്‍ഹമായ നികുതിവിഹിതം കേന്ദ്രധനകമ്മിഷന്‍ ശിപാര്‍ശപ്രകാരം അനുവദിച്ചിട്ടില്ല എന്നതു സത്യമാണ്. അതിനെതിരായ പോരാട്ടത്തിന് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
റോജി എം. ജോണ്‍
സംസ്‌ഥാനത്തില്‍ നടപ്പാക്കേണ്ട സാമ്ബത്തിക പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കെ കിട്ടേണ്ട തുകയെല്ലാം നഷ്‌ടമാക്കി. ജി.എസ്.ടി സോഫ്‌റ്റ്‌വേറിലും പരിഷ്‌ക്കാരങ്ങളിലും വേണ്ട സമയത്ത് നടപടി സ്വീകരിച്ചില്ല. ഓഡിറ്റ് വിഭാഗത്തില്‍ 800 പേരെ നിയമിച്ചിട്ടും അവര്‍ക്ക് ഒന്നും ഇതുവരെ ചെയ്യാനായിട്ടില്ല. സ്വര്‍ണത്തില്‍നിന്നും ബാറുകളില്‍നിന്നും കുടിശികയും പിരിക്കുന്നില്ല.
രമേശ് ചെന്നിത്തല
ബാലഗോപാല്‍ മന്ത്രി വിളിച്ചപ്പോള്‍ എം.പിമാര്‍ പോയില്ലെന്ന് പറഞ്ഞു. വിളിക്കേണ്ട രീതിയില്‍ വിളിച്ചാല്‍ പോകും. എം.പിമാരുടെ യോഗം മുഖ്യമന്ത്രി ഓണ്‍ലൈനിലാണ് വിളിക്കുന്നത്. ആരെയും നേരെ കാണാന്‍ അദ്ദേഹം തയാറാകുന്നില്ല.
പി.കെ. കുഞ്ഞാലിക്കുട്ടി
ഉമ്മന്‍ചാണ്ടിയുടെ കാലത്ത് നല്‍കിയിരുന്ന സേവനങ്ങള്‍പോലും ആരോഗ്യമേഖലയില്‍ നിര്‍ത്തുകയാണ്. കിട്ടുന്നത് ചിലവഴിക്കുന്നു കേന്ദ്രത്തിനെ പഴിപറയുന്നു. ഇങ്ങനെ പോയിട്ട് കാര്യമുണ്ടോ?
മോന്‍സ് ജോസഫ്
ട്രഷറി തുറന്നുവച്ചിട്ട് കാര്യമില്ല, അവിടെ പോയാല്‍ പണം കിട്ടിന്നില്ല. റബര്‍ വിലസ്‌ഥിരതാ ഫണ്ട് തുടര്‍ന്നുകൊണ്ടുപോകുമോ നിര്‍ത്തുമോയെന്നത് പരിശോധിക്കണം.
അനൂപ് ജേക്കബ്
വിഭവസമാഹരണം നടത്താതെ കടമെടുക്കാന്‍ മാത്രമാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അവധാനതയില്ലാതെ വിവിധ നികുതി വര്‍ധിപ്പിച്ച് ജനങ്ങളില്‍ അധികഭാരം ചുമത്തി.