ചെന്നൈ: തമിഴ്നാട്ടിലെ ചിദംബരത്ത് സ്കൂൾ വിദ്യാർഥിയെ അതിക്രൂരമായി മർദിച്ച അധ്യാപകൻ അറസ്റ്റിൽ. കടലൂർ ചിദംബരത്തെ നന്തനാർ സർക്കാർ സ്കൂളിലെ ഫിസിക്സ് അധ്യാപകൻ സുബ്രഹ്മണ്യനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
ജാമ്യമില്ലാത്ത അഞ്ച് വകുപ്പുകൾ ചേർത്താണ് സുബ്രഹ്മണ്യനെ പോലീസ് അറസ്റ്റ് ചെയ്തത്. ക്ലാസിൽ കൃത്യമായി വരുന്നില്ലെന്ന് പറഞ്ഞായിരുന്നു ഇയാൾ ആറ് വിദ്യാർഥികളെ അതിക്രൂരമായി മർദ്ദിച്ചത്. ഇതിൽ ഒരു വിദ്യാർഥിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ മാത്രമാണ് സോഷ്യൽ പുറത്തുവന്നത്.
വടി ഉപയോഗിച്ച് തല്ലുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. വിദ്യാർഥിയെ മുട്ടുകാലിൽ നിർത്തിയും മർദിക്കുന്നുണ്ട്. ക്ലാസിലെ മറ്റൊരു വിദ്യാർഥിയാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് അധ്യാപകനെതിരെ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് കടലൂർ ജില്ലാ കലക്ടർ പ്രാഥമിക അന്വേഷണം നടത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.