രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ ഒന്നര ലക്ഷത്തിൽ താഴെയായി

February 4, 2022
123
Views

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ ഒന്നര ലക്ഷത്തിൽ താഴെയായി. 24 മണിക്കൂറിനിടെ 1,49,394 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കേസ് കഴിഞ്ഞ ദിവസത്തേക്കാൾ 13 ശതമാനം കുറഞ്ഞു. പോസിറ്റിവിറ്റി നിരക്ക് 9.27 ശതമാനമായി താഴ്ന്നു. ഇന്ന് 1072 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കഴിഞ്ഞ വർഷം ജൂലൈയിലാണ് കൊവിഡ് മരണം 4 ലക്ഷം കടന്നത്. മൂന്നാം തരംഗത്തിൽ രാജ്യത്ത് മരിച്ചവരിൽ 90 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കാത്തവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഡൽഹിയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. സ്‌കൂളുകളും കോളേജുകളും തുറക്കാൻ ഇന്നു ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം.കേരളത്തിലും വിദ്യാലയങ്ങൾ തുറക്കാനൊരുങ്ങുകയാണ്. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾ ഈ മാസം 14ന് തുടങ്ങും. കോളജുകൾ ഈ മാസം 7ന് തുടങ്ങും. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

അതേസയം, ഞായറാഴ്ച ലോക്ഡൗൺ സമാന നിയന്ത്രണം തുടരും. ഞായറാഴ്ച ആരാധനയ്ക്ക് അനുമതിയുണ്ട്. ആരാധനയിൽ 20 പേർക്ക് പങ്കെടുക്കാം. കടുത്ത നിയന്ത്രണങ്ങളുള്ള സി വിഭാഗത്തിൽ കൊല്ലം ജില്ലയെ മാത്രം ഉൾപ്പെടുത്തി. മറ്റ് ജില്ലകളെ ഒഴിവാക്കി. തിരുവനന്തപുരം, പത്തനംതിട്ട , കോട്ടയം ഇടുക്കി ജില്ലകളെ സി കാറ്റഗറിയിൽ നിന്ന് ഒഴിവാക്കി. 12 ജില്ലകൾ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി. കാസർഗോഡ് ജില്ല ഒരു കാറ്റഗറിയിലുമില്ല.

തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല ഇക്കുറിയും വീടുകളിൽ മാത്രമേ ഉണ്ടാകൂ. ഇക്കൊല്ലത്തെയും പൊങ്കാല കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വീടുകളിൽ മാത്രമായി ചുരുക്കിയത്. ആറ്റുകാൽ പൊങ്കാല വഴിയരികിൽ വേണ്ടെന്നും ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി.അതേസമയം 2022 ഫെബ്രുവരി 17 നാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം നടക്കുന്നത്. കുത്തിയോട്ടമുൾപ്പെടെയുള്ള കാര്യങ്ങളിൽ ജില്ലയിലെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ കൂടി പങ്കെടുക്കുന്ന ഉന്നതതല യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കളക്ടർ പറഞ്ഞു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *