പതിനാല് ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോകത്തെ അഞ്ചാമത്തെ വലിയ ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. വർഷത്തിൽ ഭൂരിഭാഗ സമയവും ഇവിടുത്തെ താപനില പൂജ്യത്തിൽ താഴെയാണ്. ലോകത്തിലെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ വ്യത്യസ്തതയുള്ള സ്ഥലമായ അന്റാർട്ടിക്കയുടെ രസകരമായ വസ്തുതകൾ പരിചയപ്പെടാം.ഭൂമിയിലെ തന്നെ ഏറ്റവും വരണ്ട സ്ഥലമാണ് അന്റാർട്ടിക്കയിലെ “ഡ്രൈ വാലിസ്”. ഭൂഖണ്ഡത്തിലെ ഈർപ്പം കുറഞ്ഞ ഭാഗമായതിനാൽ മഞ്ഞിനോ ഐസിനോ ഇവിടെ അടിഞ്ഞുകൂടാൻ സാധിക്കില്ല. അങ്ങനെയാണ് ഈ പ്രദേശം വരണ്ട പ്രദേശമായി മാറുന്നത്. ഭൂമിയിൽ ഏറ്റവും കാറ്റുള്ള പ്രദേശവും അന്റാർട്ടിക്കയാണ്. ഇവിടുത്തെ കാറ്റിന്റെ വേഗത മണിക്കൂറിൽ 200 മൈൽ വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നാല് മീറ്ററോളം വരെ കട്ടിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഐസ് പാളിയാണ് അന്റാർട്ടിക്ക ഐസ് ഷീറ്റ്. ഭൂമിയിലെ മൊത്തം ശുദ്ധജലത്തിന്റെ 70 ശതമാനവും ഈ ഭൂഖണ്ഡത്തിലാണ് ഉള്ളത്. പടിഞ്ഞാറൻ അന്റാർട്ടിക് ഐസ് ഷീറ്റ് ഉരുകിയാൽ ആഗോള സമുദ്രനിരപ്പ് 16 അടി വരെ ഉയരുമെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം.അന്റാർട്ടിക്കയിലെ ഏറ്റവും രസകരമായ മറ്റൊരു വസ്തുത നോക്കാം… അന്റാർട്ടികയുടെ ഐസ് പാളിയ്ക്കിടയിൽ മറഞ്ഞിരിക്കുന്ന ഒരു തടാകമുണ്ട്. വോസ്‌റ്റോക്ക് തടാകം.
ഒന്റാറിയോ തടാകത്തിന്റെ വലുപ്പമുള്ള ഈ തടാകം ഈ ഹിമപാളിയ്ക്കടിയിൽ 200 ശാഖകളായി കാണപ്പെടുന്നു.1979 ജനുവരിയിൽ അന്റാർട്ടിക്കയിൽ ജനിച്ച ആദ്യത്തെ മനുഷ്യനാണ് എമിലി മാർക്കോ പൽമ. ഇവരെ കൂടാതെ വേറെ പത്തുപേർ കൂടി ഇവിടെ ജനിച്ചിട്ടുണ്ട്. അന്റാർട്ടികയുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഭൂമി ചെരിഞ്ഞിരിക്കുന്നതിനാൽ അന്റാർട്ടിക്കയിൽ സൂര്യൻ ഉദിക്കുന്നില്ല. ശൈത്യകാലം മുഴുവൻ ഈ ഭൂഖണ്ഡം ഇരുണ്ടായിരിക്കും. നേരെമറിച്ച് വേനൽക്കാലത്ത് അന്റാർട്ടിക്കയിൽ സൂര്യൻ അസ്തമിക്കുകയുമില്ല.