ഇന്‍ഡ്യന്‍ യൂണിയന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുശോചിച്ചു. ഇന്‍ഡ്യന്‍ യൂണിയന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും കേരളത്തില്‍ ഏറ്റവുമധികം മഹലുകളുടെ ‘ഖാദി’ സ്ഥാനം അലങ്കരിച്ച മനുഷ്യസ്നേഹിയുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം അത്യന്തം ദു:ഖകരമാണ്. സൗമ്യമായ പെരുമാറ്റവും സാമുദായിക സൗഹാര്‍ദത്തോടുള്ള അളവറ്റ പ്രതിബദ്ധതയും കൊണ്ട് കേരളത്തിനകത്തും പുറത്തുമുള്ളവരുടെ ആദരത്തിന് പാത്രമായ വ്യക്തിയായിരുന്നു അദ്ദേഹം – ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മുസ്ലിം ലീഗിൻ്റെ അദ്ധ്യക്ഷനും മതപണ്ഡിതനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം ഏറെ വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. പാണക്കാട് തങ്ങളുടെ വിയോഗം കേരളത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് വലിയ നഷ്ടമാണ്. സമൂഹത്തിൽ പക്വതയോടെ ഇടപെടുന്ന അദ്ദേഹത്തിന് മത-രാഷ്ട്രീയത്തിനുമപ്പുറം മുഴുവൻ കേരളത്തിൻ്റെയും ആദരവ് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.