വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം സംബന്ധിച്ച കർണാടക ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹർജികൾ സുപ്രീം കോടതി പരിഗണിക്കും. ഹോളി അവധിക്ക് ശേഷം വാദം കേൾക്കും. വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തെ അവധി കഴിഞ്ഞ് മാർച്ച് 21 നാണ് കോടതി വീണ്ടും ചേരുന്നത്.
വിദ്യാർത്ഥികളുടെ ആശങ്ക കണക്കിലെടുത്ത് അടിയന്തര വാദം കേൾക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഹോളി അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ ബെഞ്ച് അറിയിച്ചത്. “മറ്റുള്ളവരും സൂചിപ്പിച്ചു. നമുക്ക് നോക്കാം, ഹോളി അവധിക്ക് ശേഷം വിഷയം പോസ്റ്റ് ചെയ്യാം” ചീഫ് ജസ്റ്റിസ് പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി ഇന്നലെയാണ് ഉത്തരവിറക്കിയത്. ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ലെന്ന് കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചു. മതവിശ്വാസം സംബന്ധിച്ച ഭരണഘടനയുടെ അനുഛേദം 25ന്റെയും അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച അനുഛേദം 19ന്റെയും ലംഘനമാണെന്ന ഹര്‍ജിക്കാരുടെ വാദമാണ് കോടതി തള്ളിയത്. ഇതിനെതിരെ വിദ്യാത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
നിരോധനം കോടതി ശരിവച്ചങ്കിലും യൂണിഫോം സംബന്ധിച്ചു സര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാണ്. ഉഡുപ്പിയില്‍ ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ എ.ബി.വി.പിയുടെ നേതൃത്വത്തില്‍ തടയാനും ആക്രമിക്കാനും ശ്രമിച്ചതിനെ തുടര്‍ന്നാണ് കോളജ് വികസന സമിതികള്‍ നിരോധനവുമായി രംഗത്തെത്തിയത്.