ആധികളും പരാതികളും ഉതിര്‍ന്നുവീണ ആ മേശപ്പുറം ഇനി ശൂന്യം; കൊടപ്പനക്കല്‍ തറവാടിന്റെ ഉമ്മറത്തനി ഹൈദരലി ശിഹാബ് തങ്ങളില്ല

March 6, 2022
138
Views

രാഷ്ട്രീയ നേതാവായും സമുദായ നേതാവായും ആത്മീയാചാര്യനായും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ഒരു പതിറ്റാണ്ടിലധികം കാലം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ച ഹൈദരലി ശിഹാബ് തങ്ങള്‍, തീരുമാനങ്ങളെടുക്കുന്നതിലും അത് നടപ്പിലാക്കുന്നതിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്.

ഏഴരപതിറ്റാണ്ടുകാലം ഒരു ജനതയുടെ ആധികളും പരാതികളും ഉതിര്‍ന്നുവീണ ആ മേശപ്പുറം ഇനി ശൂന്യം. പാണക്കാട് കൊടപ്പനക്കല്‍ തറവാടിന്റെ ഉമ്മറത്ത്, ഐക്യകേരളത്തിന്റെ മതമൈത്രിക്ക് കാവലിരുന്ന ഹൈദരലി ശിഹാബ് തങ്ങളും അരങ്ങൊഴിഞ്ഞു.

രാഷ്ട്രീയ നേതാവായും സമുദായ നേതാവായും ആത്മീയാചാര്യനായും കേരളീയ പൊതുസമൂഹത്തോടൊപ്പം നടന്ന 74 വര്‍ഷങ്ങള്‍. ഇരുളിന്റെ കാര്‍മേഘങ്ങള്‍ എത്രമൂടിക്കെട്ടിയാലും വശ്യമായ പെരുമാറ്റത്തിലൂടെ എല്ലാം വകഞ്ഞു മാറ്റാനുള്ള ശാന്തത. ഹൈദരലി ശിഹാബ് തങ്ങള്‍ മതേതര കേരളത്തിന്റെയും ആത്മീയ മണ്ഡലത്തിന്റെയും സുവര്‍ണപാടുകളാണ്.

മാളിയേക്കല്‍ സയ്യിദ് അഹ്മദ് പൂക്കോയ തങ്ങളുടെയും ആയിശബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15 ന് ജനനം. പാണക്കാട്ടെ പ്രാഥമിക പഠനത്തിനു ശേഷം, കോഴിക്കോട് മദ്‌റസത്തുല്‍ മുഹമ്മദിയയില്‍ ഹൈസ്‌കൂള്‍ പഠനം. തുടര്‍ന്ന് മതപഠനരംഗത്തേക്ക്. പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജിലെ പഠനകാലമാണ് ഹൈദരലി തങ്ങളിലെ പൊതുപ്രവര്‍ത്തകനെ പരുവപ്പെടുത്തിയത്. 1973 ല്‍ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ ആദ്യ അമരക്കാരനായി. തുടര്‍ന്നങ്ങോട്ട് സമൂഹത്തിന്റെയും സമുദായത്തിന്റെയും എണ്ണമറ്റ നേതൃചുമതലകള്‍. കൃത്യനിര്‍വഹണത്തിലെ മികവുകൊണ്ട് മാതൃക തീര്‍ത്ത്, ആ കുറിയ മനുഷ്യന്‍ മുന്നേ തന്നെ നടന്നു.

സഹോദരന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്തരിച്ചതിനെത്തുടര്‍ന്ന് 2009ലാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. ഒന്നര പതീറ്റാണ്ടിലേറെ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ച ശേഷമാണ് ഹൈദരലി ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. പൊതുവെ സൗമ്യനായ തങ്ങള്‍, പക്ഷെ തീരുമാനങ്ങളെടുക്കുന്നതിലും അത് നടപ്പിലാക്കുന്നതിലും കാര്‍ക്കശ്യത്തോടെ പെരുമാറിയ നേതാവായിരുന്നു. സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ച 12 വര്‍ഷം ആ കരുത്തും നേതൃപാടവും പാര്‍ട്ടി അണികളും പൊതുസമൂഹവും ഒരുപോലെ തൊട്ടറിഞ്ഞു.

മനുഷ്യരുടെ കഷ്ടതകളിലും വേദനകളിലും എന്നും കൂടെനിന്ന, ദയയും അനുതാപവും വേണ്ടുവോളമുണ്ടായിരുന്ന, ജനാധിപത്യ മതേതര കേരളത്തിന്റെ ശക്തിയായി എക്കാലവും നിലകൊണ്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച നായകനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്. ആ വിയോഗം കേരളത്തിനുണ്ടാക്കിയിട്ടുള്ള നഷ്ടം അപരിഹാര്യമാണ്.

ശരീഫ ഫാത്വിമ സുഹ്റയാണ് ഭാര്യ. സയ്യിദ് നഈം അലി ശിഹാബ്, സയ്യിദ് മുഈന്‍ അലി ശിഹാബ്, സയ്യിദ സാജിദ, സയ്യിദ ശാഹിദ എന്നിവര്‍ മക്കള്‍.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *