റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തില്‍ അനുനയ ശ്രമങ്ങളുമായി ഫ്രാന്‍സ് രംഗത്ത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റഷ്യന്‍ പ്രസിഡന്റുമായി സംസാരിച്ചു. റഷ്യന്‍ ആക്രമണത്തിന്റെ ആദ്യ ദിവസം 137 പേര്‍ കൊല്ലപ്പെട്ടതായി ഉക്രൈന്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം അമേരിക്കയുടെ റഷ്യയിലുള്ള മുഴുവന്‍ ആസ്തികളും മരവിപ്പിക്കുമെന്ന് ജോബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ സെന്‍ട്രല്‍ കീവില്‍ രണ്ട് വലിയ സ്‌ഫോടനങ്ങളും അല്‍പ്പം അകലെ മൂന്നാമത്തെ സ്‌ഫോടനവും നടന്നെന്ന് സി.എന്‍.എന്‍ സംഘം റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍ രണ്ട് സ്ഫോടനങ്ങള്‍ കേട്ടതായി മുന്‍ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ആന്റണ്‍ ഹെരാഷ്ചെങ്കോ സ്ഥിരീകരിച്ചതായി യുക്രൈനിലെ യൂണിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൂയിസ് അല്ലെങ്കില്‍ ബാലിസ്റ്റിക് മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യുക്രൈന്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുക്രൈന്‍ യുദ്ധത്തിന്റെ ആദ്യദിനം വിജയമെന്ന് റഷ്യന്‍ സൈന്യം അവകാശപ്പെട്ടു. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തിലാണ്. ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രൈയ്‌നിലെ 6 മേഖലകള്‍ റഷ്യ പിടിച്ചെടുത്തു. യുക്രൈയിനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് റഷ്യ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ റഷ്യന്‍ സൈന്യത്തിന്റേയും വിമതരുടേയും ആദ്യ ലക്ഷ്യം താനാകാമെന്ന പ്രസ്താനയുമായി യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ സൈനിക സംഘം യുക്രൈന്‍ ആസ്ഥാനമായി കീവില്‍ പ്രവേശിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രത്തലവനെ ഇല്ലാതാക്കി രാജ്യം പിടിച്ചടക്കാനാകും ഒരു പക്ഷേ അവരുടെ ലക്ഷ്യം. താനാണ് അവരുടെ നമ്പര്‍ വണ്‍ ടാര്‍ജറ്റ്. അതിനുശേഷം അവര്‍ തന്റെ കുടുംബത്തേയും നശിപ്പിക്കുമെന്നും സലന്‍സ്‌കി ആരോപിച്ചു.