ലോകത്തിലെ ഏറ്റവും വലിപ്പവും ഭാരവുമുള്ള സ്‌ട്രോബറി എന്ന ഖ്യാതിയോടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച സ്‌ട്രോബെറിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇസ്രായേലി കര്‍ഷകനായ ഏരിയല്‍ ചാഹിയുടേതാണ് ഈ സ്‌ട്രോബെറി.
18 സെന്റീമീറ്റര്‍ നീളവും 4 സെന്റീമീറ്റര്‍ ഖനവും 34 സെന്റീമീറ്റര്‍ ചുറ്റളവുമുള്ള ഈ സ്‌ട്രോബെറിക്ക് 289 ഗ്രാം ഭാരമുണ്ട്. ഐലാന്‍ എന്ന പ്രാദേശിക ഇനത്തില്‍ പെട്ട ഈ സ്‌ട്രോബെറി കഴിഞ്ഞ ആഴ്ചയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്. ലോകത്തിലെ തന്നെ ഏറ്റവും ഭാരം കൂടിയ ഈ സ്‌ട്രോബറിയുടെ വീഡിയോയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
മധ്യ ഇസ്രായേലിലെ നെതന്യ നഗരത്തിനടുത്തുള്ള ചാഹി ഏരിയലിന്റെ വീട്ടിലെ ഫാമില്‍ നിന്ന് 2021 ഫെബ്രുവരിയിലാണ് ഈ സ്ട്രോബറി പറിച്ചെടുത്തത്. 2021ന്റെ ആരംഭത്തില്‍ ഉണ്ടായിരുന്ന തണുപ്പ് സ്ട്രോബറി പഴുക്കുന്നത് സാവധാനത്തിലാക്കി. അതുകൊണ്ടാണ് ഇതിന് ഭാരം കൂടിയത് എന്നാണ് റെക്കോര്‍ഡ് ബുക്കിന്റെ വെബ്സൈറ്റ് പറയുന്നത്.ഇതിന് മുമ്പ് 2015ല്‍ ഫുക്കുവോക്കയിലെ ഒരു ജാപ്പനീസ് പഴത്തിനായിരുന്നു ഏറ്റവും ഭാരമുള്ള സ്ട്രോബറി എന്ന റെക്കോര്‍ഡ് ലഭിച്ചിരുന്നത്. 250 ഗ്രാം ആയിരുന്നു അതിന്റെ ഭാരം.