തിരൂരിൽ മൂന്നര വയസുകാരൻ മരിക്കാൻ കാരണം ക്രൂരമർദ്ദനമെന്ന് പോലീസ്

January 13, 2022
104
Views

മലപ്പുറം: തിരൂരിൽ മൂന്നര വയസുകാരൻ മരിക്കാൻ കാരണം ക്രൂരമർദ്ദനമേറ്റത് കൊണ്ടെന്ന് പൊലീസിൻ്റെ കണ്ടെത്തൽ. കുട്ടിയുടെ ഹൃദയത്തിലും വൃക്കകളിലും അടക്കം ചതവും മുറിവുകളും കണ്ടെത്തി. തലച്ചോറിലും ചതവുണ്ടായിരുന്നു. ബോധപൂർവം മർദ്ദിച്ചതിന്റെ ലക്ഷണങ്ങളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്.

തിരൂരിൽ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ കുടുംബത്തിലെ ഷെയ്ക്ക് സിറാജാണ് കൊല്ലപ്പെട്ടത്. രണ്ടാനച്ഛൻ അർമാൻ കുട്ടിയെ ജില്ലാ ആശുപത്രിയിലാക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിന്നീട് പാലക്കാട് നിന്ന് പൊലീസ് പിടികൂടിയിരുന്നു. കുട്ടിയുടെ അമ്മ മുംതാസ് ബീഗത്തെ കുട്ടിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇരുവരെയും ഉടൻ അറസ്റ്റ് ചെയ്യും.

തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്‌സിലാണ് കുടുംബം താമസിക്കുന്നത്. മുംതാസ് ബീവിയുടെ ആദ്യഭര്‍ത്താവായ ഷെയ്ക്ക് റഫീക്കിന്റെ മകനാണ് മരിച്ച ഷെയ്ക്ക് സിറാജ്. ഒരു വര്‍ഷം മുമ്പ് റഫീക്കുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം അര്‍മാന്‍ എന്നയാളെ മുംതാസ് ബീവി വിവാഹം കഴിച്ചിരുന്നു. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

തിരൂരില്‍ ഒരാഴ്ച മുമ്പാണ് കുടുംബം താമസിക്കാനെത്തിയത്. ഇന്നലെ ഇവര്‍ വഴക്കുണ്ടായതായി സമീപത്ത് താമസിക്കുന്നവര്‍ പറഞ്ഞു. പൊലീസ് ഇവര്‍ താമസിച്ചിരുന്ന മുറിയിലും പരിശോധന നടത്തി.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *