ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര് കൂടി അറസ്റ്റില്‍. സിംഗാഹി ടൗണിലെ മൊഹിത് ത്രിവേദി, ബര്സോള കനാലിലെ രങ്കു റാണ, ടിക്കോണി ചിമ്മതണ്ടയിലെ ധര്‍മേന്ദ്ര എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങും. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ പേരുകള്‍ പുറത്ത് വന്നത്.
അതേസമയം ലഖിംപൂര്‍ ഖേരി കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സുപ്രിംകോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. അന്വേഷണം വലിച്ചു നീട്ടുകയാണെന്ന വികാരം യു.പി സര്‍ക്കാര്‍ നീക്കണമെന്നായിരുന്നു ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്. മജിസ്ട്രേറ്റിന്റെ മുന്നില്‍ കൊണ്ടുപോയി മൊഴി രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു. കേസ് ഈ മാസം 26 ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കുന്നുണ്ട്