തൃശൂർ: തൃക്കാക്കരയിലെ പണക്കിഴി വിവാദത്തിൽ, നിർണായക സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്ത് വിജിലൻസ്. കവറുമായി അധ്യക്ഷയുടെ കാബിനിൽ നിന്ന് കൗൺസിലർമാർ പുറത്തിറങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. ഇവരെ വിളിച്ചുവരുത്തി മൊഴിയെടുക്കും. അന്വേഷണം മുൻകൂട്ടി അറിഞ്ഞ നഗരസഭാ ചെയർപേഴ്സൺ അജിതാ തങ്കപ്പൻ കമ്പ്യൂട്ടറിന്റെ സെർവറുമായി ബന്ധപ്പെട്ട മുറി പൂട്ടി താക്കോലുമായി പോവുകയായിരുന്നു.
നഗരസഭ അദ്ധ്യക്ഷക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി സി സി ടി വി ദൃശ്യങ്ങൾ ശേഖരിക്കുന്നതിനാണ് വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയത്. വൈകുന്നേരം നാലിന് തുടങ്ങിയ റെയ്ഡ് തീർന്നത് പുലർച്ചെ രണ്ടുമണിക്കാണ്.
തൃക്കാക്കരയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് നഗരസഭാധ്യക്ഷ പണം നൽകിയെന്നാണ് പരാതി. ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് കവറിൽ 10,000 രൂപയാണ് അധ്യക്ഷ അജിത തങ്കപ്പൻ സമ്മാനിച്ചത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി ഡി സുരേഷാണ് പണക്കിഴി കൈമാറിയെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ തൃക്കാക്കരയിലെ കോൺഗ്രസ് ഗ്രൂപ്പ് പോരാണ് വിവാദത്തിന് പിന്നിലെന്നാണ് കോൺഗ്രസ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ.