കൊച്ചി: തൃക്കാക്കര നഗരസഭാധ്യക്ഷയ്ക്ക് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിശദമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനും നിര്‍ദേശം നൽകി.
നഗരസഭാധ്യക്ഷയുടെ ജീവന് ഭീഷണിയുള്ള സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്. നഗരസഭ അധ്യക്ഷ അജിതാ തങ്കപ്പന്‍റെ ഹര്‍ജി ഈ മാസം17ന് വീണ്ടും പരിഗണിക്കും.
ഓണക്കോടിക്കൊപ്പം പണക്കിഴിയും നൽകിയെന്ന ആരോപണം വിവാദമായതോടെ നഗരസഭയിലെ പ്രതിപക്ഷമായ എൽ ഡി എഫും ബി ജെ പിയും നഗരസഭ അധ്യക്ഷക്കെതിരെ പരസ്യ പ്രതിഷേധം നടത്തിയിരുന്നു. നഗരസഭ അധ്യക്ഷയുടെ മുറിക്കുമുന്നിൽ സമര പരിപാടികളും സംഘടിപ്പിച്ചു.
ഇതിനിടെ ആരോപണത്തിൽ അന്വേഷണം തുടങ്ങിയ വിജിലൻസ് സംഘത്തിന്റെ നിർദേശ പ്രകാരം നഗരസഭ സെക്രട്ടറി അധ്യക്ഷയുടെ മുറി പൂട്ടിയിട്ടു. കൈവശമുണ്ടായിരുന്ന താക്കോൽ കൊണ്ട് മുറി തുറന്ന് അകത്ത് കയറിയ അജിത തങ്കപ്പനെ ഉപരോധിച്ചവരെ പൊലീസ് ബലം പ്രയോഗിച്ചാണ് മാറ്റിയത്. ഈ സംഘർഷത്തിൽ എൽ ഡി എഫ് യു ഡി എഫ് അംഗങ്ങൾക്ക് പരിക്കേറ്റതായും പരാതി ഉയർന്നു.