തൃശ്ശൂര്‍ പൂരത്തിലെ പ്രതിസന്ധിക്ക് അയവ് ; വെടിക്കെട്ട് നടത്തും

April 20, 2024
0
Views

തൃശ്ശൂര്‍ പൂരത്തിലെ പ്രതിസന്ധിക്ക് അയവ്. പാറമേക്കാവിന്റെ വെടിക്കെട്ട് 6.30 ന് നടത്താന്‍ തീരുമാനം. പ്രതിഷേധം അവസാനിപ്പിച്ച്‌ വെടിക്കെട്ട് നടത്താന്‍ തയ്യാറായി തിരുവമ്ബാടി ദേവസ്വവും.

രാവിലെ തന്നെ വെടിക്കെട്ട് നടത്തുമെന്നാണ് തിരുവമ്ബാടി അറിയിച്ചിരിക്കുന്നത്. പാറമേക്കാവിന്റെ വെടിക്കെട്ടിന് ശേഷം തിരുവമ്ബാടിയും വെടിക്കെട്ട് നടത്തും. മന്ത്രി കെ രാജനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 15 മിനിറ്റ് വ്യത്യാസത്തില്‍ തിരുവമ്ബാടി വെടിക്കെട്ട് നടക്കുമെന്ന് കെ രാജന്‍ അറിയിച്ചു. തീരുമാനത്തിന് പിന്നാലെ പന്തലിലെ അണച്ച ലൈറ്റ് തെളിയിച്ചു. വെടിക്കെട്ടിന് പൊലീസ് അനാവശ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നാരോപിച്ച്‌ പൂരം നിര്‍ത്തിവെച്ചാണ് തിരുവമ്ബാടി ദേവസ്വം പ്രതിഷേധിച്ചത്. പൂരത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു സംഭവം.

സ്വരാജ് റൗണ്ടിലേക്ക് ഉള്ള എല്ലാ വഴികളും അടച്ച്‌ ആളുകളെ തടഞ്ഞു എന്നും തിരുവമ്ബാടി ആരോപിക്കുന്നു. തുടര്‍ന്ന് തിരുവമ്ബാടിയുടെ രാത്രി എഴുന്നളളിപ്പ് നിര്‍ത്തിവെച്ചു. വെടിക്കെട്ട് സ്ഥലത്തു നിന്ന് പൂരക്കമ്മിറ്റിക്കാരെ മാറ്റണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. 175 പേര്‍ക്ക് മാത്രം പ്രവേശനമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. എന്നാല്‍ വെടിക്കെട്ട് പണിക്കാരും കമ്മിറ്റിക്കാരുമായി ഏറെ പേര്‍ പൂര പറമ്ബില്‍ വേണമെന്ന് തിരുവമ്ബാടി ആവശ്യപ്പെട്ടു.

പ്രതിസന്ധിയെ തുടര്‍ന്ന് തിരുവമ്ബാടിയുടെ രാത്രിയിലെ മഠത്തില്‍ വരവ് നിര്‍ത്തിവെച്ചു. അലങ്കാര പന്തലിലെ വെളിച്ചം ഒഴിവാക്കിയായിരുന്നു തിരുവമ്ബാടിയുടെ പ്രതിഷേധം. ഇത്തരത്തിലൊരു പൊലീസ് നടപടി പതിവില്ലാത്തതെന്ന് തിരുവമ്ബാടി പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *