വിമാനയാത്രചിലവ്: മൃതദേഹം പോലും നാട്ടിലെത്തിക്കാന്‍ ആവാതെ പ്രവാസികള്‍

June 24, 2023
18
Views

കുടിയേറ്റത്തിന്റെ അരനൂറ്റാണ്ട് പിന്നിടുമ്ബോഴും പ്രവാസികളുടെ യാത്ര പ്രശ്നം പരിഹരിക്കാതെ കിടക്കുന്നു

മസ്കറ്റ്> കുടിയേറ്റത്തിന്റെ അരനൂറ്റാണ്ട് പിന്നിടുമ്ബോഴും പ്രവാസികളുടെ യാത്ര പ്രശ്നം പരിഹരിക്കാതെ കിടക്കുന്നു എന്നത് പ്രവാസികളില്‍ വലിയ പ്രയാസം സൃഷ്ടിക്കുന്നു.

വിമാന ചാര്‍ജ് വര്‍ദ്ധനകൊണ്ട് അവധിക്കാലയാത്രയും പെരുന്നാള്‍ ഓണം കൃസ്തുമസ് എന്നിങ്ങനെയുള്ള ആഘോഷ വേളകളില്‍ പോലും കുടുംബങ്ങളോടൊത്ത് നാട്ടില്‍ പോകാൻ പറ്റാത്ത അവസ്ഥയാണ് നിലവില്‍.കോവിഡാനന്തരം തൊഴില്‍ നഷ്ടവും കച്ചവട മാന്ദ്യവും ആരോഗ്യ പ്രശ്നങ്ങളും കൊണ്ട് പൊറുതി മുട്ടുന്ന സാഹചര്യത്തിലാണ് ഇവിടെ മരണപ്പെടുന്ന മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള കാര്‍ഗോ കൂലി വര്‍ദ്ധിപ്പിച്ചു എയര്‍ ഇന്ത്യ പ്രവാസികളെ വെട്ടിലാക്കിയിരിക്കുന്നത്.

160 റിയാല്‍ ഉണ്ടായിരുന്ന ഡെഡ് ബോഡിയുടെ കാര്‍ഗോ കൂലി 260 റിയാലയാണ് ഉയര്‍ത്തിയത് കൂടാതെ അധികമായി ജി എസ് ഏ ചാര്‍ജായി 50 റിയാല്‍ കൂടി അടക്കണം അത് പ്രവാസികള്‍ക്ക് താങ്ങാവുന്നതിനപ്പുറമാണെന്ന് കാബൂറയിലെ സാമൂഹ്യ പ്രവര്‍ത്തകൻ രാമചന്ദ്രൻ താനൂര്‍ പറഞ്ഞു. അതിനിടയിലാണ് വിമാനത്തില്‍ കൊടുത്തുകൊണ്ടിരുന്ന ലഘു ഭക്ഷണം നിര്‍ത്തലാക്കി സര്‍ക്കുലര്‍ പുറപ്പടുവിച്ചിരിക്കുന്നത്.
മസ്കറ്റ് എയര്‍പോര്‍ട്ടില്‍ ദൂര പ്രവിശ്യകളില്‍ നിന്ന് എത്തുന്ന യാത്രക്കാരാണ് ഇതുകൊണ്ട് ബുദ്ധിമുട്ടുന്നത്. ബുറൈമി പോലുള്ള പ്രദേശങ്ങളില്‍ നിന്ന് നാലും അഞ്ചും മണിക്കൂര്‍ യാത്ര ചെയ്താണ് എയര്‍പോര്‍ട്ടില്‍ എത്തുന്നത്.

വിമാന സമയം കണക്കാക്കി വരുന്നവര്‍ വഴില്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച്‌ സമയം കളയാൻ മിനക്കെടാറില്ല കുടുംബവും കുട്ടികളുമായി എത്തുന്നവര്‍ക്ക് കുടിവെള്ളം പോലും കാശ് കൊടുത്തു വാങ്ങണം എന്ന അവസ്ഥ ഇല്ലാതാവണമെന്ന് ബുറൈമിയിലെ സാമൂഹ്യ പ്രവര്‍ത്തകൻ നവാസ് മൂസ പറയുന്നു. ഇന്ത്യ ഗവര്‍മെന്റിന്റെ കീഴിലുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസ് നൂറ് ശതമാനം ഓഹരി ഏറ്റെടുത്തുകൊണ്ട് സ്വകാര്യ കമ്ബനിയായ ടാറ്റാ ഗ്രുപ്പ് കൈവശം വെക്കുന്നത് ജനുവരി 27 2022 നാണ് സ്വകാര്യ കമ്ബനി ആയത് കാരണം സര്‍വീസിലും പരിചരണത്തിലും ടിക്കറ്റ് നിരക്കിലും വൈകി ഓടുന്ന കാര്യത്തിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചെങ്കിലും കൂടുതല്‍ പ്രയാസമാണ് പ്രവാസികള്‍ക്ക് സമ്മാനിച്ചത്. വളരെ ദയനീയ അവസ്ഥയിലായ പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണം എന്നാണ് പ്രവാസികള്‍ ഒന്നടങ്കം പറയുന്നത്. അതിനായുള്ള പ്രതിഷേധ കൂട്ടായ്മ ഉയര്‍ന്നു വരണം എന്നും മുതിര്‍ന്ന പ്രവാസികള്‍ ആവശ്യപ്പെടുന്നു.

Article Categories:
World

Leave a Reply

Your email address will not be published. Required fields are marked *