പാലക്കാട് ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി. പുലി പ്രസവിച്ച് കിടന്ന വീടിന് സമീപത്തെ ജനവാസ മേഖലയായ സൂര്യ നഗറിലാണ് പുലി എത്തിയത്. ഇവിടുത്തെ ഇൻഡോർ കോർട്ടിന്റെ വാച്ചർ ഗോപിയാണ് പുലിയെ കണ്ടത്. നായ്ക്കളുടെ കുര കേട്ട് നോക്കിയപ്പോൾ പുലിയെ കണ്ടെന്ന് നാട്ടുകാർ പറയുന്നു. പുലിയെ കണ്ടെന്ന് പറഞ്ഞ മേഖലയിൽ നായ്ക്കളുടെ തലയോട്ടിയും, എല്ലിൻ കഷ്ണങ്ങളും കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
രണ്ട് കുട്ടികളെ പ്രസവിച്ച പുലി കിടന്നിരുന്ന സമീപത്തെ വീടിന് അടുത്ത് കൂട് സ്ഥാപിച്ചെങ്കിലും ഒരു കുഞ്ഞിനെ മാത്രമാണ് പുലി കൊണ്ടുപോയത്. രണ്ടാമത്ത പുലി കുഞ്ഞിലെ അകമലയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പുലിയുടെ സാനിധ്യം ഇല്ലെന്ന് ഉറപ്പിച്ച് കൂടടക്കം മാറ്റാൻ വനം വകുപ്പ് തീരുമാനമെടുത്തിരിക്കെയാണ് വീണ്ടും പുലിയെ നാട്ടുകാർ കാണുന്നത്.
പുലിയെ തിരികെയെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൂട്ടിൽ പുലിക്കുഞ്ഞുങ്ങളെ വച്ചത്. പുലിയെ തന്ത്രപൂർവം കെണിയിൽ വീഴ്ത്താനായി സ്ഥാപിച്ച വലിയ കൂട്ടിലാണ് പുലിക്കുട്ടികളെ വച്ചത്. എന്നാൽ കൂട്ടിൽ കുടുങ്ങാതെയാണ് പുലി കുഞ്ഞിനെ കൊണ്ടുപോയത്. 11 പുലർച്ചെ നാലുമണിയോടെ എത്തിയ തള്ളപ്പുലി കൂടിനകത്തുണ്ടായിരുന്ന ഹാർഡ് ബോർഡ് പുറത്തേക്ക് വലിച്ചിട്ട് കുഞ്ഞിനെ എടുക്കുകയായിരുന്നു.
ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്നാണ് ഞായറാഴ്ച പുലിക്കുട്ടികളെ കണ്ടെത്തിയത്. പത്ത് ദിവസം മാത്രമായിരുന്നു പുലിക്കുട്ടികളുടെ പ്രായം. അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഉമ്മിനി. ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്. മാധവൻ എന്നയാളുടെ തകർന്നു കിടക്കുന്ന വീടാണ് ഇത്. പതിനഞ്ച് വർഷമായി അടഞ്ഞുകിടക്കുകയായിരുന്നു വീട്.