കടലില്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ ജലപേടകമായ ടൈറ്റനില്‍ പോയ അഞ്ച് പേരും മരിച്ചതായി സ്ഥിരീകരണം.
ബോസ്റ്റണ്‍: കടലില്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ ജലപേടകമായ ടൈറ്റനില്‍ പോയ അഞ്ച് പേരും മരിച്ചതായി സ്ഥിരീകരണം.
ടൈറ്റാനിക് കപ്പലിന് സമീപം പേടകത്തിന്റെ യന്ത്രഭാഗങ്ങളുടെ അവശിഷ്ടം കണ്ടെത്തിയതായി അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
ബ്രിട്ടീഷ് കോടീശ്വരന് ഹാമിഷ് ഹാര്‍ഡിംഗ്, ബ്രിട്ടീഷ്-പാക്കിസ്ഥാനി ബിസിനസുകാരന് ഷെഹ്സദ ദാവൂദ്, മകന് സുലേമോന്, ടൈറ്റന് ജലപേടകത്തിന്റെ ഉടമകളായ ഓഷന്‍ഗേറ്റ് എക്സ്പെഡീഷന്‍സിന്റെ സിഇഒ സ്റ്റോക്ടന്‍ റഷ്, പൈലറ്റ് പോള്‍ ഹെന്റി നാര്‍സലെ എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.
പേടകം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. പേടകത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനാകുമോയെന്ന് പറയാന്‍ കഴിയില്ലെന്ന് കോസ്റ്റ്ഗാര്‍ഡ് റിയര്‍ അഡ്മിറല്‍ വ്യക്തമാക്കി.
ഞായറാഴ്ച ഉച്ചയ്ക്കാണ് കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ടൈറ്റാനിക് കപ്പല്‍ കാണാന്‍ ടൈറ്റന് ജലപേടകം കടലിനടിയിലേക്ക് പോയത്. പുറപ്പെട്ട് ഒരുമണിക്കൂര്‍ 45 മിനിട്ടിനകം മദര്‍ഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
പേടകം കണ്ടെത്താൻ യുഎസ്, കാനഡ, ഫ്രാൻസ് രാജ്യങ്ങളുടെ നേതൃത്വത്തില്‍ വൻ രക്ഷാപ്രവര്‍ത്തനമാണ് നടന്നത്. ഈ രാജ്യങ്ങളുടെ വിമാനങ്ങളും കപ്പലുകളും റോബോട്ടുകളും ഇതിനായി രംഗത്തിറങ്ങി. 17000 ചതുരശ്രകിലോമീറ്റര്‍ സമുദ്ര വിസ്തൃതിലായിരുന്നു തിരച്ചില്‍. എന്നാല്‍ ദൗത്യം ലക്ഷ്യം കണ്ടില്ല.
ഫ്രഞ്ച് റോബട്ടിക് പേടകമായ വിക്ടര്‍ 6000 സമുദ്രത്തിന്റെ അടിത്തട്ടിലെത്തി തിരച്ചില്‍ നടത്തിയെങ്കിലും അനുകൂലമായി ഒന്നും ലഭിച്ചില്ല.
കാനഡയുടെ ന്യൂഫൗണ്ട്ലാന്‍ഡ് തീരത്തുനിന്ന് 600 കിലോമീറ്റര്‍ അകലെ അറ്റ്ലാന്റിക് സമുദ്രോപരിതലത്തില്‍നിന്ന് 3800 മീറ്റര്‍ ആഴത്തിലാണ് ടൈറ്റാനിക് ഉറച്ചിരിക്കുന്നത്.