‘ടൈറ്റന്‍ അതീവ അപകടകാരി’; പൊട്ടിത്തെറി വാര്‍ത്ത ഓഷന്‍ഗേറ്റ് മൂടിവെച്ചെന്നും ആരോപണം

June 24, 2023
41
Views

ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാനുള്ള സമുദ്രയാത്രയ്ക്കിടെ അഞ്ചു പേരുമായി അറ്റ്ലാന്റിക്കില്‍ അപ്രത്യക്ഷമായ ടൈറ്റൻ

ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാനുള്ള സമുദ്രയാത്രയ്ക്കിടെ അഞ്ചു പേരുമായി അറ്റ്ലാന്റിക്കില്‍ അപ്രത്യക്ഷമായ ടൈറ്റൻ സമുദ്രപേടകം പൊട്ടിത്തെറിച്ചതായുള്ള വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു.

പേടകം പൊട്ടിത്തെറിക്കുന്നതിന്റെ ശബ്ദം യുഎസ് നാവികസേന പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മാതൃപേടകമായ പോളാര്‍ പ്രിൻസ് കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതിനു തൊട്ടുപിന്നാലെ തന്നെ പേടകം പൊട്ടിത്തെറിച്ചിരുന്നെന്നാണ് അമേരിക്കൻ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. യുഎസ് നാവികസേനയുടെ ശബ്ദ നിരീക്ഷണ സംവിധാനം വഴി ഈ ശബ്ദം പിടിച്ചെടുത്തിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടൈറ്റാനിക് കപ്പല്‍ കാണാൻപോയ അഞ്ചു യാത്രികരും മരിച്ചതായി അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷ്യൻ ഗേറ്റ് കമ്ബനിയും സ്ഥിരീകരിച്ചിട്ടുണ്ട്. അറ്റ്‍ലാന്റിക് സമുദ്രത്തില്‍ കാണാതായ സമുദ്രപേടകം ടൈറ്റൻ സമ്മര്‍ദത്തില്‍ പൊട്ടിത്തെറിച്ചതായി സ്ഥിരീകരണം.

ടൈറ്റാനിക് കപ്പലിന്‍റെ സമീപത്തുനിന്ന് വ്യാഴാഴ്ച ടൈറ്റൻ പേടകത്തിന്‍റെ അവശിഷ്ടങ്ങള്‍ അമേരിക്കൻ തീര സംരക്ഷണ സേന കണ്ടെത്തിയിരുന്നു. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയാണ് പേടകത്തിന്റെ മുൻഭാഗം ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കണ്ടെത്തിയത്. പിൻഭാഗത്തുള്ള കോണാകൃതിയിലുള്ള ഭാഗമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് കൂടുതല്‍ അവശിഷ്ടങ്ങള്‍ ലഭിക്കുകയായിരുന്നു.

കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് സംഘം. കടലിന്റെ അടിത്തട്ടിലുള്ള തിരച്ചില്‍‍ തുടരുമെന്നും അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവഴി ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും തീര സംരക്ഷണ സേന അറിയിച്ചു. എന്നാല്‍, മൃതദേഹങ്ങള്‍ കണ്ടെടുക്കുക ഏറെ ദുഷ്കരമാണ്. ബ്രിട്ടീഷ് പൗരനായ പാകിസ്താനി ബിസിനസുകാരൻ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, ബ്രിട്ടീഷ് ബിസിനസുകാരനും പര്യവേക്ഷകനുമായ ഹാമിഷ് ഹാര്‍ഡിങ്, ടൂറിസം പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓഷ്യൻ ഗേറ്റ് ചീഫ് എക്സിക്യൂട്ടിവ് സ്റ്റോക്ടണ്‍ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോള്‍ ഹെന്റി നര്‍ജിയോലെറ്റ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.

2009ല്‍ സ്റ്റോക്ടൻ റഷ് സ്ഥാപിച്ച ഓഷൻഗേറ്റ് കമ്ബനി 2021 മുതല്‍ ടൈറ്റാനിക് പര്യവേക്ഷണം നടത്തുന്നുണ്ട്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 8.15നാണ് ടൈറ്റന്‍ യാത്ര തുടങ്ങിയത്. ഏഴു മണിക്കൂറിനുശേഷം തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍ ഏകദേശം ഒന്നരമണിക്കൂറിനുശേഷം പോളാര്‍ പ്രിൻസ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ആശയവിനിമയം നഷ്ടപ്പെട്ട വിവരം യുഎസ് കോസ്റ്റ് ഗാര്‍ഡിനെ അറിയിക്കാന്‍ എട്ടു മണിക്കൂര്‍ വൈകിയെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യത്തില്‍ ദുരൂഹതയുണ്ടെന്ന് വാര്‍ത്താ ഏജൻസിയായ എ.പി റിപ്പോര്‍ട്ടു ചെയ്തു. പേടകത്തിന്റെ ഉടമകളും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല.

ദുരന്തത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് ശതകോടീശ്വരൻ ഹാമിഷ് ഹാര്‍ഡിങിന്റെ കുടുംബാംഗവും വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്. ടൈറ്റന്റെ ഓപ്പറേറ്ററായ ഓഷ്യൻഗേറ്റ് മുങ്ങിക്കപ്പലിന്റെ തിരോധാനം റിപ്പോര്‍ട്ട് ചെയ്യാൻ വളരെയധികം സമയമെടുത്തു എന്നാണ് അദ്ദേഹം പറഞ്ഞത്.

പേടകത്തിന്റെ ഡിസൈന്റെ പോരായ്മ, സര്‍ട്ടിഫിക്കറ്റുകളുടെ അഭാവം തുടങ്ങിയവയെപ്പറ്റി അമേരിക്കൻ ഏജൻസികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടൈറ്റനെപറ്റി നേരത്തേതന്നെ മേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. അപകട ശേഷം നല്‍കിയ ഇന്റര്‍വ്യൂവില്‍ സംവിധായകൻ ജെയിംസ് കാമറൂണും ഓഷൻ ഗേറ്റിനെപ്പറ്റി നേരത്തേതന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുള്ളതായി ചൂണ്ടിക്കാട്ടി.

‘ഡീപ് സബ്‌മെറിൻസ് എഞ്ചിനീയറിംഗ് കമ്മ്യൂണിറ്റിയിലെ നിരവധി മുൻനിര ആളുകള്‍ സുരക്ഷാ വിഷയത്തില്‍ കമ്ബനിക്ക് കത്തുകള്‍ പോലും എഴുതി. ഓഷൻ ഗേറ്റ് ചെയ്യുന്നത് പരീക്ഷങ്ങള്‍ മാത്രമാണെന്നും യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്ന തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേടേണ്ടതുണ്ടെന്നും അവരോട് അറിയിച്ചിരുന്നു’-ജെയിംസ് കാമറൂണ്‍ പറയുന്നു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *