തക്കാളി കിലോയ്ക്ക് 70 രൂപ പ്രകാരം ഉപഭോക്താക്കള്‍ക്കു നല്കാൻ മാര്‍ക്കറ്റിംഗ് ഏജൻസികളായ നാഫെഡിനും എൻസിസിഎഫിനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.
ന്യൂഡല്‍ഹി: തക്കാളി കിലോയ്ക്ക് 70 രൂപ പ്രകാരം ഉപഭോക്താക്കള്‍ക്കു നല്കാൻ മാര്‍ക്കറ്റിംഗ് ഏജൻസികളായ നാഫെഡിനും എൻസിസിഎഫിനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.
നിലവില്‍ 80 രൂപ പ്രകാരമാണ് ഈ ഏജൻസികള്‍ തക്കാളി വില്‍ക്കുന്നത്.
ഇന്നുമുതല്‍ ഉഭോക്താക്കള്‍ക്ക് പുതുക്കിയ നിരക്കുപ്രകാരം തക്കാളി ലഭ്യമാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തു തക്കാളി ലഭ്യത കുറയുകയും വില വര്‍ധിക്കുകയും ചെയ്തതോടെ നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്)യും നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയും(നാഫെഡ്) തക്കാളി സംഭരണം ആരംഭിച്ചിരുന്നു.
സംഭരിച്ച തക്കാളി ആദ്യം കിലോയ്ക്കു 90 രൂപ പ്രകാരവും പിന്നീട് കഴിഞ്ഞ 16 മുതല്‍ 80 രൂപപ്രകാരവുമായിരുന്നു ഈ ഏജൻസികള്‍ വിറ്റിരുന്നത്.
ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്നാണ് ഈ ഏജൻസികള്‍ തക്കാളി പ്രധാനമായും സംഭരിക്കുന്നത്.
കഴിഞ്ഞ 18 വരെ ഏകദേശം 391 മെട്രിക് ടണ്‍ തക്കാളി ഈ രണ്ട് ഏജൻസികളും ചേര്‍ന്നു സംഭരിച്ചതായും ഇവ ഡല്‍ഹി, രാജസ്ഥാൻ,യുപി, ബിഹാര്‍ സംസ്ഥാനങ്ങളില്‍ വിറ്റഴിച്ചതായും അധികൃതര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ വിവിധ കേന്ദ്രങ്ങളില്‍ വിളവെടുപ്പ് ആരംഭിച്ചിരിക്കെ വരുംദിവസങ്ങളില്‍ വില കുറഞ്ഞേക്കുമെന്നാണ് സൂചന.