തക്കാളിവിലയില്‍ ഒരുവര്‍ഷത്തിനിടെ 300 ശതമാനത്തിലധികം വര്‍ധന.
ന്യൂഡല്‍ഹി > തക്കാളിവിലയില്‍ ഒരുവര്‍ഷത്തിനിടെ 300 ശതമാനത്തിലധികം വര്‍ധന. കഴിഞ്ഞവര്‍ഷം ഇതേസമയം തക്കാളിവില 24.68 രൂപയായിരുന്നു.
വ്യാഴാഴ്ച ഉപഭോക്തൃകാര്യ വിഭാഗം വെബ്സൈറ്റില്‍ തക്കാളി കിലോയ്ക്ക് 114.72 രൂപയാണ് ശരാശരി വില. പരാമവധി വിലയാകട്ടെ 224 രൂപ. 341 ശതമാനം വര്‍ധന. പ്രധാന തക്കാളി ഉല്‍പ്പാദക സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്തമഴയും വെള്ളപ്പൊക്കവും ആയതിനാലാണ് വില കുതിച്ചുയരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ആന്ധ്രയില്‍ തക്കാളി കര്ഷകൻ കൊല്ലപ്പെട്ടു
ആന്ധ്രപ്രദേശില്‍ അന്നമയ്യ ജില്ലയിലെ മദനപ്പള്ളിയില്‍ തക്കാളി കര്ഷകൻ ദാരുണമായി കൊല്ലപ്പെട്ടു. മികച്ച വിളവ് കിട്ടിയ തക്കാളി ചന്തയിലെ കടയില്‍ വിറ്റതിന് പിന്നാലെയാണ് ബോഡി മല്ലേദിനിലെ നരേം രാജശേഖര്‍ റെഡ്ഡി കൊലപ്പെട്ടത്. തക്കാളി വിറ്റ പണം കവരാൻ എത്തിയ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. രാജ്യത്ത് ചിലയിടങ്ങളില്‍ തക്കാളി വില കിലോക്ക് 200 രൂപയ്ക്കും മുകളിലാണ്. തക്കാളി സംരക്ഷിക്കാൻ ചിലയിടത്ത് വ്യാപാരികള്‍ കാവല്ക്കാരെ നിര്‍ത്തിയത് വൻ വാര്‍ത്തയായിരുന്നു.