അടുത്തിടെയാണ് ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട ഇന്ത്യയിൽ പുതിയ ഹിലക്സ് ലൈഫ്‌സ്റ്റൈൽ പിക്ക്-അപ്പ് അവതരിപ്പിച്ചത്. അവിശ്വസനീയമായ ലൈഫ്‌സ്‌റ്റൈൽ യൂട്ടിലിറ്റി വാഹനമെന്ന ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായിട്ടാണ് പുത്തൻ ഐക്കോണിക് ഹിലക്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതെന്ന് കമ്പനി പറയുന്നു. വാഹനത്തിന്‍റെ ബുക്കിംഗും കമ്പനി തുടങ്ങിയിരുന്നു.
ഓൺലൈനിലോ അംഗീകൃത ടൊയോട്ട ഡീലർഷിപ്പുകളിലോ ഒരു ലക്ഷം രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാം എന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ ബുക്കിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ് കമ്പനി. വാഹനത്തിന് ആവശ്യക്കാര്‍ ഏറെയാണെന്നും ഇത്രയും ആവശ്യം നിറവേറ്റാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ലെന്നും ടൊയോട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ലോഞ്ച് ചെയ്‍ത് രണ്ടാഴ്‍ചയ്ക്ക് ഉള്ളിൽ തന്നെ ഉപഭോക്താക്കളിൽ നിന്ന് ഹിലക്സിന് ലഭിച്ച മികച്ച പ്രതികരണത്തിൽ ഏറെ സന്തുഷ്‍ടരാണെന്ന് ടൊയോട്ട പറയുന്നു. ടൊയോട്ട ബ്രാൻഡിലും അവതരിപ്പിക്കുന്ന പുത്തൻ ഉൽപ്പന്നങ്ങളിലും തുടർച്ചയായി വിശ്വാസമർപ്പിക്കുന്ന ഓരോ ഉപഭോക്താക്കളോടും ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും വ്യക്തമാക്കിയ ടൊയോട്ട നിരവധി ഘടകങ്ങൾ വിതരണ മേഖലയെ ബാധിക്കുന്നതിനാൽ ഉപഭോക്താക്കളുടെ ഇത്രയും വലിയൊരു ഡിമാൻഡ് നിറവേറ്റാൻ സാധിക്കില്ലെന്നും പറയുന്നു.
അതിനാൽ ഉപഭോക്താക്കൾക്ക് കൂടുതൽ അസൗകര്യങ്ങൾ ഉണ്ടാകാതിരിക്കാനായി ഹിലക്സിനുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തിയിരിക്കുകയാണെന്നും ഇതിൽ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി അറിയിച്ചു. എന്നും മികച്ച ഉപഭോക്തൃ അനുഭവം നൽകുക എന്ന ഉറച്ച ലക്ഷ്യത്തോടെ എത്രയും വേഗം തന്നെ ഹിലക്സ് ബുക്കിങ് പുനരാരംഭിക്കുന്നതിനായി കഴിവിന്റെ പരമാവധി ശ്രമിക്കും എന്നും ടൊയോട്ട വ്യക്തമാക്കി.