തിരുവനന്തപുരം: കേരളത്തിലെ ഹൈവേയിലൂടെ വാഹനങ്ങള്‍ ഒഴുകി നീങ്ങണമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാർ. ട്രാഫിക് ലൈറ്റുകളില്‍ വാഹനങ്ങള്‍ ഒരുപാട് സമയം കിടക്കുന്നു.
ആവശ്യമില്ലാത്ത സിഗ്നലുകളെല്ലാം അണയ്‌ക്കുമെന്നും യു ടേണ്‍ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
ലോക്കല്‍ റോഡല്ല, ഹൈവേയില്‍ വാഹനങ്ങള്‍ ഒഴുകി നീങ്ങണം. പൊതുജനങ്ങളുടെ സൗകര്യം മാനിച്ച് ഗതാഗത കുരുക്കുള്ള സ്ഥലങ്ങളിലെത്തി പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാതെ നടപടി ഉണ്ടാകും. ആവശ്യമില്ലാത്ത സിഗ്നലുകളെല്ലാം അണയ്‌ക്കും. യു ടേണ്‍ സജ്ജമാക്കും. മോട്ടാർ വാഹന വകുപ്പ് ഉദ്യേഗസ്ഥർ രൂപരേഖ വരച്ചിട്ടുണ്ട്. അത് പ്രകാരം ചർച്ച ചെയ്യും.
ഹൈവേയില്‍ ടൈമറിന്റെ സമയം കൂട്ടും. മെയിൻ റോഡില്‍ സമയം കുറയ്‌ക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ എല്ലായിടത്തും ഒരേ സമയമാണ്. അതുകൊണ്ടാണ് കുരുക്കുണ്ടാകുന്നതെന്നും മന്ത്രി പറയുന്നു. പ്രായോഗികമല്ലാത്ത പരിഷ്കാരവും കുരുക്കിന് കാരണമാകുന്നുണ്ട്. അവനവന്റെ സ്വാർത്ഥതയ്‌ക്കായി വയലുകളും ഓടകളും അടച്ചതാണ് റോഡിലെ വെള്ളക്കെട്ടിന് കാരണമെന്നാണ് മന്ത്രിയുടെ കണ്ടെത്തല്‍.
കാലവർഷത്തിന് മുന്നോടിയായി പെയ്ത വേനല്‍ മഴയില്‍ തന്നെ കേരളം മുങ്ങി തുടങ്ങി. അര മണിക്കൂർ തുടർച്ചയായി മഴ പെയ്താല്‍ വെള്ളം മുങ്ങുമെന്ന അവസ്ഥയിലാണ് കൊച്ചി നഗരം. മഴവെള്ളം ഒഴുകി പോകാനുള്ള സാഹചര്യമില്ലാത്തതാണ് ഇതിന് പിന്നിലെ കാരണം. വെള്ളക്കെട്ടിനെ തുടർന്ന മിക്കയിടത്തും മണിക്കൂറുകളോളമാണ് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. തലസ്ഥാനത്തും സ്ഥിതി സമാനമാണ്. തമ്ബാനൂർ ജംഗ്ഷൻ ഉള്‍പ്പടെ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. സ്മാർട്ട് സിറ്റിയുടെ ഭാഗമായി റോഡുകളെല്ലാം കുഴിച്ചിട്ടത് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതിനിടെയിലാണ് മന്ത്രിയുടെ ദിവാസ്വപ്നങ്ങള്‍.