ട്രെയിന്‍ യാത്രക്കാരനെ മർദ്ദിച്ച സംഭവം: എഎസ്ഐ എം സി പ്രമോദിനെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവായി

January 3, 2022
182
Views

തിരുവനന്തപുരം: കണ്ണൂരിൽ ട്രെയിന്‍ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ എഎസ്ഐ എം സി പ്രമോദിനെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവായി. എസ്.പി. ചൈത്ര തെരേസ ജോൺ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റെയിൽവേ അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പി സംഭവം അന്വേഷിക്കും. പ്രമോദിനെ റെയിൽവേയിൽ നിന്നും മാറ്റും.

സംഭവം അന്വേഷിക്കുന്നതിന് സ്പെഷൽ ബ്രാഞ്ച് എസിപിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊലീസിനെതിരെ അച്ചടക്ക നടപടി എടുക്കാനുള്ള അധികാര പരിധി ആർക്കാണെന്ന് പരിശോധിക്കും. മനുഷ്യത്വ രഹിതമായ കാര്യങ്ങൾ ഉണ്ടായോ എന്നും പരിശോധിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു.

മാവേലി എക്സ്പപ്രസിൽ വെച്ചാണ് എഎസ്ഐ, യാത്രക്കാരനെ മർദ്ദിച്ചത്. കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിച്ചത്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണെന്നിരിക്കെയാണ് പൊലീസുകാരൻ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പർ കമ്പാർട്ട്മെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ മർദ്ദിച്ചത്.

സ്ലീപ്പർ കംമ്പാർട്ട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരൻ മറുപടി നൽകി. കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറഞ്ഞു. മാവേലി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ട സമയത്താണ് മർദ്ദനമുണ്ടായത്.

യാത്രക്കാരൻ മര്യാദയോടെ ഇരിക്കുന്നതിനിടെയാണ് ടിക്കറ്റ് ചോദിച്ച് പൊലീസ് എത്തിയതെന്ന് ദൃശ്യങ്ങൾ പകർത്തിയ പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യാത്രക്കാരൻ പറഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ബൂട്ടിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്. ക്രൂമമായ മർദ്ദനം കണ്ടതോടെ ഇടപെട്ടു.

എന്നാൽ മറ്റ് യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നായിരുന്നു പൊലീസുകാരന്റെ വിശദീകരണം. ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസുകാരൻ തന്നോട് ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടുവെന്നും എന്നാൽ ടിടിഇ യെ മാത്രമേ ടിക്കറ്റ് കാണിക്കൂ എന്ന് താൻ പറഞ്ഞുവെന്നും ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *