ട്രാൻസ്ജെന്റർ വ്യക്തിത്വം വെളിപ്പെട്ടതോടെ വീട്ടിൽ നിന്നും അനുഭവിക്കേണ്ടിവന്ന വേദനകൾ തുറന്നു പറയുകയാണ് അവന്തിക. കോട്ടയം പാല സ്വദേശിയായ അവന്തിക ലോട്ടറികാരനായ ലൂക്കയുടേയും മോളിയുടേയും മകനായാണ് ജനിച്ചത്. ജന്മം കൊണ്ട് ആണും മനസുകൊണ്ട് പെണ്ണുമായി അവന്തിക സ്‌കൂൾ കാലത്തെ ഓർമ്മകൾ മുതൽ തന്റെ വിവാഹ ജീവിതം വരെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുന്നു. സ്‌കൂൾ പഠനകാലത്ത് കൺമഷിയൊക്കെ എഴുതി പോകുന്നതുകൊണ്ട് ടീച്ചർമാരുടെ വരെ പരിഹാസ പാത്രമായിയെന്നും പെൺകുട്ടികളെ പോലെ ഒരുങ്ങിയതിന് ക്ലാസിൽ നിന്ന് ഗെറ്റ് ഔട്ട് അടിക്കുന്ന സാഹചര്യം വരെ ഉണ്ടാഎന്നും അവന്തിക പറയുന്നു.
‘പെണ്ണാച്ചി… ചാന്തുപൊട്ട് എന്നിങ്ങനെയുള്ള പരിഹാസപ്പേരുകൾ വേറെയും. അന്ന് ഞാൻ അനുഭവിച്ച വേദനകൾ എനിക്കു മാത്രം സ്വന്തമായിരുന്നു. അല്ലെങ്കിലും അന്നൊക്കെ ഞങ്ങളുടെ വേദനയൊക്കെ ആരറിയാനാണ്. ഒരിക്കൽ കമ്മ്യൂണിറ്റിയുടെ ഒരു പ്രോഗ്രാമിൽ വധുവായി അണിഞ്ഞൊരുങ്ങി. ആ ചിത്രം ഫെയ്സ്ബുക്ക് വഴി നാട്ടിലുള്ള പലരും അച്ഛനെ കാണിച്ചു. അച്ഛനു മുന്നിൽ ഞാന്‍ പൂർണമായും വെറുക്കപ്പെട്ടവളാകുന്നത് അങ്ങനെയാണ്. ഇങ്ങനെ വേഷം കെട്ടി ജീവിക്കാൻ ഇവിടെ പറ്റില്ല, എങ്ങോട്ടെങ്കിലും പൊയ്ക്കോണം എന്ന് അന്ന് പറഞ്ഞു. ആയിടയ്ക്ക് ഹോർമോണ്‍ ചികിത്സയൊക്കെ ഞാൻ ആരംഭിച്ചിരുന്നു. മരുന്നിന്റെ ഫലമായി, സ്തനങ്ങൾ വളർച്ച പ്രാപിച്ചു തുടങ്ങിയത്, അച്ഛന്റെയും അമ്മയുടേയും ശ്രദ്ധയിൽപെട്ടു. ടീ ഷർട്ടൊക്കെ ഇട്ട് നിൽക്കുന്ന എന്നെ കണ്ട് കലിതുള്ളിയെത്തി അച്ഛൻ. വാക്കത്തിയുമായി എന്നെ വെട്ടാനെത്തി. കഷ്ടിച്ചാണ് അന്ന് രക്ഷപ്പെട്ടത്.’ അവന്തിക അഭിമുഖത്തിൽ പറഞ്ഞു.
വീട്ടിൽ നിൽക്കാൻ കഴിയില്ലെന്ന അവസ്ഥയിൽ സർട്ടിഫിക്കറ്റും കുറച്ചു തുണികളും പിന്നെയൊരു 500 രൂപയും തന്ന് അമ്മ പറഞ്ഞു വിട്ടു. വീട്ടിൽ നിന്നു പുറത്തായതോടെ പഠനം അന്ന് പാതിയിൽ മുടങ്ങി. സർജറിക്കും ഹോർമോൺ ചികിത്സയ്ക്കുമായുള്ള പണം എന്റെ പല സുഹൃത്തുക്കളും സ്വരൂപിച്ചിരുന്നത് സെക്സ് വർക്കും മറ്റും ചെയ്തിട്ടാണ്. എന്നാൽ ഞാൻ ആ വഴി തിരഞ്ഞെടുക്കില്ലെന്ന് താൻ ശരിക്കും ഉറപ്പിച്ചിരുന്നുവെന്നും അവന്തിക പറയുന്നു. ജീവിതവഴിയിൽ ഒറ്റപ്പെട്ടു പോയ ആ അവസ്ഥയിൽ തന്നെ ചേർത്തു പിടിച്ചു സംരക്ഷിച്ചത് ട്രാൻസ് കമ്യൂണിറ്റിയിലെ അമ്മ രഞ്ജുമോൾ മോഹനാണ്. അമ്മ സെക്സ് വർക്കിന് പോയാണ് എന്നെ പോലുള്ള ഒരുപാട് പേർക്ക് തണലൊരുക്കിയത്. അതൊന്നും ഒരിക്കലും മറക്കില്ലെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ അവന്തിക പങ്കുവച്ചു