കോഴിക്കോട് മരിച്ച വ്യവസായി സിദ്ദിഖിന്റെ കൊലപാതകത്തിനു പിന്നിലെ രഹസ്യങ്ങളും ദുരൂഹതകളും ചുരുളഴിയുന്നില്ല.
സിദ്ദിഖിന്റെ കൊലപാതകത്തിലേക്കു നയിച്ചത് വ്യക്തിവൈരാഗ്യമോ, പണമോ, ഹണിട്രാപ്പോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
തിരൂര്‍: കോഴിക്കോട് മരിച്ച വ്യവസായി സിദ്ദിഖിന്റെ കൊലപാതകത്തിനു പിന്നിലെ രഹസ്യങ്ങളും ദുരൂഹതകളും ചുരുളഴിയുന്നില്ല.
സിദ്ദിഖിന്റെ കൊലപാതകത്തിലേക്കു നയിച്ചത് വ്യക്തിവൈരാഗ്യമോ, പണമോ, ഹണിട്രാപ്പോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
ഹോട്ടലില്‍ രണ്ടു മുറികള്‍ ബുക്ക് ചെയ്തത് സിദ്ദിഖാണ്. എന്തിനാണ് ഇദ്ദേഹം രണ്ടു മുറികള്‍ ബുക്ക് ചെയ്തതെന്ന ചോദ്യമാണ് അന്വേഷണസംഘത്തെ കുഴപ്പിക്കുന്നത്. മുറിയെടുത്ത സിദ്ദിഖ് മുറി വിട്ട് പുറത്തു പോയില്ല. ഷിബിലയും ഫര്‍ഹാനയും പലതവണ പുറത്തുപോയിരുന്നു.
ഫര്‍ഹാനയും ഷിബിലിയും തമ്മിലുള്ള ബന്ധമെന്താണെന്നും വ്യക്തമായിട്ടില്ല. ഷിബിലിക്കെതിരേ നേരത്തേ ഫര്‍ഹാന നല്കിയ പരാതിയില്‍ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായപ്പോള്‍ ഫര്‍ഹാനയുടെ പക്കല്‍നിന്ന് പാസ്പോര്‍ട്ട്, 16,000 രൂപ, മൊബൈല്‍ ഫോണ്‍, പൂട്ടിയ സ്യൂട്ട് കേസ് എന്നിവ അന്വേഷണസംഘം കണ്ടെത്തിട്ടുണ്ട്. കൊലപാതകത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സിദ്ദിഖിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം ഫര്‍ഹാനയുടെ കുടുംബത്തിലേക്കും നീളുന്നുണ്ട്.
ഈ മാസം 22 നാണ് തിരൂര്‍ സ്വദേശി സിദ്ദിഖിനെ കാണാനില്ലെന്നു കാണിച്ച് മകൻ ഹഹദ് പോലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷൻ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിക്കുന്നത്. ടവര്‍ ലൊക്കേറ്റ് ചെയ്ത് പോലീസ് ആദ്യം എത്തിയത് കോഴിക്കോട് എരഞ്ഞിപ്പലത്തെ ഡി കാസ ഹോട്ടലിലാണ്.അവിടുത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. സിദ്ദിഖിന്റെ ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി കവറിലാക്കിയാണ് ട്രോളി ബാഗിലാക്കിയത്. കാലുകള്‍ മുറിക്കാതെയും ബാഗില്‍ കയറ്റി. മൃതദേഹം കൊണ്ടുപോയതെന്ന് കരുതുന്ന കാര്‍ തൃശൂര്‍ ചെറുതുരുത്തിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വാഹനം ഫോറൻസിക് സയൻസ് ലബോറട്ടറി ഓഫീസിലേക്കു മാറ്റി. ഒളവണ്ണയില്‍ സിദ്ദിഖിന്റെ ഹോട്ടലില്‍ രണ്ടാഴ്ചയായി ജോലി ചെയ്യുന്ന ഷിബിലിയുടെ സ്വഭാവദൂഷ്യം മറ്റുജീവനക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ഷിബിലിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.
കൊലപാതകം നടന്നത് ഈ മാസം 18നും 19നും ഇടയിലാണെന്നും മൂന്നുപേര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്നും മലപ്പുറം എസ്.പി എസ്. സുജിത്ദാസ് വ്യക്തമാക്കി. കോഴിക്കോട് ഒളവണ്ണയില്‍ ചിക്ക് ബാക്ക് എന്നപേരിലുള്ള ഹോട്ടലാണ് സിദ്ദിഖ് നടത്തിയിരുന്നത്.കൊലപാതകത്തിനുശേഷം സിദ്ദിഖിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് അങ്ങാടിപ്പുറം പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍നിന്നാണ് പണം പ്രതികള്‍ പിൻവലിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.