രാജ്യത്തെ ഏറ്റവും വലിയ ടൂറിസം സമ്മേളനമായ കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ (കെടിഎം) പന്ത്രണ്ടാം പതിപ്പ് 2024 സെപ്തംബര്‍ 26 മുതല്‍ 29 വരെ കൊച്ചിയില്‍ നടക്കും.
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം സമ്മേളനമായ കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ (കെടിഎം) പന്ത്രണ്ടാം പതിപ്പ് 2024 സെപ്തംബര്‍ 26 മുതല്‍ 29 വരെ കൊച്ചിയില്‍ നടക്കും.
വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സാഗര സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് മാര്‍ട്ട് നടക്കുന്നത്.
കോവിഡില്‍ നിന്ന് കരകയറിയ കേരള ടൂറിസം മുന്നേറ്റത്തിന്‍റെ പാതയിലാണെന്നും കേരള ട്രാവല്‍ മാര്‍ട്ട് ടൂറിസം മേഖലയുടെ കുതിപ്പിന് കരൂത്തേകുമെന്നും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കെടിഎം ഭാരവാഹികള്‍ക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി.
ഈ വര്‍ഷം ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ കഴിഞ്ഞ ആറു മാസത്തെ കണക്കനുസരിച്ച് സര്‍വ്വകാല റെക്കോര്‍ഡ് നേടാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. വിദേശസഞ്ചാരികളുടെ വരവിലും കേരളം ഗണ്യമായ പുരോഗതി കൈവരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
ആഗോളതലത്തില്‍ അറിയപ്പെടുന്ന കേരളത്തിലെ പ്രധാന ടൂറിസം ലക്ഷ്യസ്ഥാനങ്ങള്‍ക്കൊപ്പം കേരളം നടപ്പാക്കുന്ന പുതിയ ടൂറിസം ആകര്‍ഷണങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.
കാരവന്‍ കേരള, വെഡ്ഡിങ് ലക്ഷ്യസ്ഥാനങ്ങള്‍, ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍, അറിയപ്പെടാത്ത പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തല്‍, ഹെല്‍ത്ത്-വെല്‍നെസ് ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം തുടങ്ങി കേരളം അവതരിപ്പിച്ച പുതിയ ടൂറിസം മാതൃകകള്‍ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കി വരുന്നു.
സിനിമാ ടൂറിസത്തിന് കീഴില്‍ പൂര്‍ത്തികരിക്കുന്ന ആദ്യ പദ്ധതിയാണ് കിരീടം പാലമെന്നും ഹെലി ടൂറിസത്തിനുള്ള ധാരണാപത്രം ഈ വര്‍ഷം ഡിസംബറില്‍ ഒപ്പുവയ്ക്കുമെന്നും മന്ത്രി പറഞ്ഞു. സുസ്ഥിരവും സ്ത്രീസൗഹൃദവും സാധാരണ ജനങ്ങള്‍ക്കും പ്രാദേശിക സമൂഹത്തിനും ഗുണപ്രദവുമായുള്ള ടൂറിസം സമീപന രീതിയാണ് കേരളം പിന്തുടരുന്നത്.
അതേസമയം ടൂറിസം മേഖലയ്ക്ക് വലിയ സംഭാവനയും കരുത്തും പകര്‍ന്നു നല്‍കുന്നതാണ് ടൂറിസം വ്യവസായത്തിലെ പങ്കാളികളെ ചേര്‍ത്തുപിടിച്ചു കൊണ്ടുള്ള പുതിയ നയങ്ങളും സമീപനവും. ട്രാവല്‍, ഹോസ്പിറ്റാലിറ്റി മേഖലയിലെ ആശയങ്ങള്‍ ഉള്‍ക്കൊള്ളാനും നടപ്പാക്കാനും തുറന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്
ടൂറിസം മേഖലയ്ക്കും വ്യവസായത്തിനും കേരള ട്രാവല്‍ മാര്‍ട്ട് ശക്തി പകരും എന്നതില്‍ സംശയമില്ല. അടുത്ത വര്‍ഷം നടക്കുന്ന കെടിഎമ്മിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെയും ടൂറിസം വകുപ്പിന്‍റെയും പിന്തുണ ഉറപ്പുനല്‍കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സെപ്തംബര്‍ 22 മുതല്‍ 26 വരെ പ്രീ-മാര്‍ട്ട് ടൂര്‍ നടക്കും. മാധ്യമപ്രവര്‍ത്തകര്‍, വ്ളോഗര്‍മാര്‍, ഇന്‍ഫ്ളുവന്‍സര്‍മാര്‍ എന്നിവര്‍ക്കാണ് പ്രീ-മാര്‍ട്ട് ടൂര്‍ നടക്കുന്നത്. 30 മുതല്‍ ഒക്ടോബര്‍ നാല് വരെ മാര്‍ട്ടിനെത്തുന്ന തെരഞ്ഞെടുക്കപ്പെട്ട ബയര്‍മാരെ ഉള്‍പ്പെടുത്തി പോസ്റ്റ് മാര്‍ട്ട് ടൂറുകളും ഉണ്ടാകും.
യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, റഷ്യ, ബ്രിട്ടന്‍ എന്നിവയ്ക്ക് പുറമെ ഇക്കുറി സ്കാന്‍ഡനേവിയന്‍ രാജ്യങ്ങളില്‍ നിന്നും ബയര്‍ പ്രതിനിധിള്‍ കെടിഎമ്മിനുണ്ടാകും. വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനും മറ്റ് ജോലികള്‍ക്കുമായി പോയ മലയാളികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടത്തുന്ന ഇടപെടല്‍ ആ രാജ്യങ്ങളിലെ സഞ്ചാരികള്‍ക്ക് കേരള സന്ദര്‍ശനത്തിന് താത്പര്യമുണ്ടാക്കുന്നുണ്ട്.
2000-മാണ്ടില്‍ സ്ഥാപിതമായ കെടിഎം സൊസൈറ്റിയാണ് രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ ആന്‍ഡ് ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട് നടത്തുന്നത്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും പ്രാധാന്യമുള്ളതും അന്താരാഷ്ട്ര പ്രതിനിധികളുടെ പ്രാതിനിധ്യം ഏറ്റവും കൂടുതലുള്ളതുമായ ടൂറിസം സമ്മേളനമാണിത്.
കെടിഎം 2024 ലെ ബിസിനസ് സെഷനുകള്‍ സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ നടക്കും. 29 ന് പൊതുജനങ്ങള്‍ക്ക് എക്സ്പോ സന്ദര്‍ശിക്കാം.
വെഡ്ഡിംഗ് ലക്ഷ്യസ്ഥാനം എന്ന നിലയില്‍ സംസ്ഥാനത്തിന് കൂടുതല്‍ പ്രചാരണം നല്‍കാന്‍ ഇത്തവണത്തെ കെടിഎമ്മില്‍ പദ്ധതിയുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട വെഡ്ഡിംഗ് ലക്ഷ്യസ്ഥാനങ്ങള്‍ തിരക്ക് കൊണ്ട് വീര്‍പ്പ് മുട്ടുന്നത് അവസരമായി കാണാനാണ് കേരളം തീരുമാനിച്ചത്. കടലോരങ്ങള്‍, മലനിരകള്‍, കാട്, തുടങ്ങി എല്ലാത്തരം ഭൗമസാഹചര്യങ്ങളും സംസ്ഥാനത്തുണ്ട്. മികച്ച യാത്രാസംവിധാനങ്ങള്‍, ആധുനിക ഹോട്ടല്‍ സൗകര്യങ്ങള്‍, ലോകമറിയുന്ന സാംസ്ക്കാരിക തനിമ എന്നിവയെല്ലാം നമുക്ക് മുതല്‍ക്കൂട്ടാകും.
ആഗോള സമ്മേളനങ്ങള്‍ക്ക് ആതിഥ്യമരുളുന്ന എംഐസിഇ ടൂറിസം(മീറ്റിംഗ്സ് ഇന്‍സെന്‍റീവ്സ്, കോണ്‍ഫറന്‍സസ് ആന്‍ഡ് എക്സിബിഷന്‍സ്) വിഭാഗത്തിലും കൂടുതല്‍ പ്രധാന്യം കെടിഎമ്മില്‍ കൈവരും. ജി20 ഉച്ചകോടിയുടെ അനുബന്ധ സമ്മേളനം കുമരകത്ത് നടത്തിയത് ഈ ദിശയില്‍ വലിയ സാധ്യത തുറന്നു തന്നിട്ടുണ്ട്.
ക്രൂസ് ടൂറിസമാണ് കെടിഎം മുന്നോട്ടു വയ്ക്കുന്ന മറ്റൊരു ഉത്പന്നം. ആഡംബരക്കപ്പല്‍ യാത്ര, പകല്‍ സമയങ്ങളിലുള്ള ഡേ പാക്കേജ് ക്രൂസ് തുടങ്ങിയവയ്ക്കും ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. ഈ സാധ്യതകൂടി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, ടൂറിസം സെക്രട്ടറി കെ ബിജു, ഡയറക്ടര്‍ പി ബി നൂഹ്, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) എസ്. പ്രേം കൃഷ്ണന്‍, കെടിഡിസി എംഡി ശിഖ സുരേന്ദ്രന്‍, കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ജോസ് പ്രദീപ്, സെക്രട്ടറി എസ് സ്വാമിനാഥന്‍, മുന്‍ പ്രസിഡന്‍റുമാരായ ഇ എം നജീബ്, ബേബി മാത്യു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം നടന്ന പതിനൊന്നാമത് കേരള ട്രാവല്‍ മാര്‍ട്ടില്‍ 55,000 ലധികം വാണിജ്യ കൂടിക്കാഴ്ചകളാണ് മൂന്ന് ദിവസം കൊണ്ട് നടന്നത്. രാജ്യത്തിനകത്തു നിന്നും 900 പേരും വിദേശത്ത് നിന്നും 234 പേരുമടക്കം 1134 ബയര്‍മാര്‍ കെടിഎമ്മിനെത്തി. 325 സെല്ലര്‍ സ്റ്റാളുകളാണ് കെടിഎം -2022 ല്‍ ഉണ്ടായിരുന്നത്.