തൃശൂർ: യാത്രക്കാരൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്ന ടിടിഇയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്.
തലയ്‌ക്കേറ്റ പരിക്കുകളും കാലുകള്‍ അറ്റുപോയതുമാണ് ടിടിഇ വിനോദ് കണ്ണന്റെ (48) മരണകാരണമായതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നത്. ദേഹത്ത് ആഴത്തിലുള്ള ഒൻപത് മുറിവുകളുണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. മൃതദേഹം തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയി.
ട്രെയിനില്‍ നിന്ന് തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ദേഹത്തുകൂടെ ഇതേ ട്രാക്കില്‍ വന്ന മറ്റൊരു ട്രെയിൻ കയറിയിറങ്ങിയെന്നാണ് നിഗമനം. ഇതാണ് കാലുകള്‍ അറ്റുപോകാനിടയായതെന്ന് കരുതുന്നു. ട്രെയിനില്‍ നിന്ന് തള്ളിയിട്ടപ്പോഴാണ് തലയ്ക്ക് പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.
തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്റ്റേഷന് സമീപം വെളപ്പായയില്‍ വച്ചാണ് ഇതരസംസ്ഥാന തൊഴിലാളിയായ രജനീകാന്ത ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. 22643 – എറണാകുളം – പട്‌ന സൂപ്പർ ഫാസ്റ്റില്‍ എസ് -11 കോച്ചില്‍ ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. ടിക്കറ്റുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് പ്രതി ടിടിഇയെ പുറത്തേക്ക് തള്ളുകയായിരുന്നു. സംഭവം നടന്നതറിയാതെ ട്രെയിൻ മുന്നോട്ടുപോയി. ഒപ്പമുണ്ടായിരുന്ന യാത്രക്കാർ അറിയിച്ചതനുസരിച്ച് മറ്റ് ടിടിഇമാരെത്തി പ്രതിയെ തടഞ്ഞുവച്ചു. പിന്നീട് പാലക്കാട് റെയില്‍വേ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. സംഭവശേഷം ഇയാള്‍ മറ്റ് യാത്രക്കാരോടും തട്ടിക്കയറിയിരുന്നു.