അവസാനഘട്ടത്തിലുണ്ടായ അപ്രതീക്ഷിത തടസ്സംമൂലം 30 മണിക്കൂര്‍ സ്തംഭിച്ച സില്‍ക്യാര തുരങ്ക രക്ഷാദൗത്യം വെള്ളിയാഴ്ച പുനരാരംഭിച്ചു.
അവസാനഘട്ടത്തിലുണ്ടായ അപ്രതീക്ഷിത തടസ്സംമൂലം 30 മണിക്കൂര്‍ സ്തംഭിച്ച സില്‍ക്യാര തുരങ്ക രക്ഷാദൗത്യം വെള്ളിയാഴ്ച പുനരാരംഭിച്ചു.
ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ച് നിര്‍ത്തിയ അടിത്തറ വീണ്ടും കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ച് വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് തുരക്കുന്ന പ്രവൃത്തി വീണ്ടും തുടങ്ങിയത്. എന്നാല്‍, ഇരുമ്ബുകുഴല് കയറ്റാൻ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും വീണ്ടും തടസ്സമുണ്ടായി. ഇതിനെതുടര്‍ന്ന് 13 ദിവസം നീണ്ട രക്ഷാദൗത്യം വീണ്ടും നീളുകയാണ്.
തുരങ്കമിടിഞ്ഞ് മണ്ണും കല്ലും ഇരുമ്ബുകമ്ബികളുമുള്ള അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ആറ് മീറ്ററിന്റെ ഒമ്ബത് കുഴലുകള്‍ കയറ്റാനായിട്ടുണ്ട്. പത്താമത്തെയും പതിനൊന്നാമത്തെയും കുഴല്‍കൂടി കയറ്റിയശേഷമേ തൊഴിലാളികളെ ഇതുവഴി പുറത്തു കടത്താനാകൂ എന്ന് പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവും ഉത്തരാഖണ്ഡ് സര്‍ക്കാറിന്റെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയുമായ (ഒ.എസ്.ഡി) ഭാസ്കര്‍ ഖുല്ദെ പറഞ്ഞു. ഡ്രില്ലിങ് യന്ത്രം തുരന്ന് ഒമ്ബതാമത്തെ കുഴല്‍ 2.2 മീറ്റര്‍ മുന്നോട്ടു തള്ളിയപ്പോഴാണ് വെള്ളിയാഴ്ച വീണ്ടും ചെറിയ തടസ്സമുണ്ടായത്. ഇരുമ്ബ് കമ്ബികളും ലോഹഭാഗങ്ങളും തടസ്സമായതോടെ ഡ്രില്ലിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഇവ മുറിച്ചുമാറ്റിയശേഷമേ ഡ്രില്ലിങ് യന്ത്രം വീണ്ടും പ്രവര്‍ത്തിപ്പിക്കൂവെന്ന് ദൗത്യസംഘത്തിലുള്ള തിരുനല്‍വേലി സ്വദേശി ഷണ്മുഖൻ പറഞ്ഞു. കുഴലുകളിലൂടെ ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ സിസ്റ്റം (ജി.പി.ആര്) ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മുന്നോട്ട് തുരക്കാനുള്ള അഞ്ച് മീറ്റര്‍ ദൂരത്തില്‍ തുടര്‍ച്ചയായ ലോഹതടസ്സങ്ങള് ഒന്നുമില്ലെന്ന് കണ്ടെത്തിയതായി നാഷനല്‍ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്പറേഷൻ (എൻ.എച്ച്.ഐ.ഡി.സി) മാനേജിങ് ഡയറക്ടര്‍ മഹ്മൂദ് അഹമ്മദ് അറിയിച്ചിരുന്നു. ഡ്രില്ലിങ് യന്ത്രം മുടക്കമില്ലാതെ പ്രവര്‍ത്തിച്ചാല്‍ ആറ് മണിക്കൂറിനുള്ളില്‍ രക്ഷാദൗത്യം അവസാനിപ്പിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാദൗത്യത്തില്‍ കാര്യമായ പുരോഗതി കൈവരിച്ച ബുധനാഴ്ച ഒമ്ബതാമത്തെ ഇരുമ്ബുകുഴലും കയറ്റിയപ്പോഴാണ് ആദ്യ പ്രതിസന്ധി രൂപപ്പെട്ടത്.
വഴിമുടക്കിയ തടസ്സങ്ങള്‍
തുരങ്കത്തില്‍നിന്ന് കോണ്‍ക്രീറ്റിനൊപ്പം ഇടിഞ്ഞുവീണ ഇരുമ്ബ് ഗര്‍ഡറാണ് ഈ മാസം 22ന് ആദ്യം വഴിമുടക്കിയത്. അതിന് ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഇരുമ്ബ് മുറിച്ചുമാറ്റി. പിറ്റേന്ന് 1.8 മീറ്റര്‍ മുന്നോട്ടുപോയപ്പോള്‍ കോണ്‍ക്രീറ്റിനൊപ്പം തകര്‍ന്നു വീണ ഇരുമ്ബുപൈപ്പുകള്‍ വീണ്ടും തടസ്സമായി. ഇതും മുറിച്ചുനീക്കി. എന്നാല്‍ ഡ്രില്ലിങ് യന്ത്രത്തിന്റെ ബ്ലേഡുകള് ലോഹഭാഗങ്ങളില്‍ തട്ടി കേടുവന്നത് നന്നാക്കേണ്ടി വന്നു. പിന്നീട് ഡ്രില്ലിങ് യന്ത്രത്തിന്റെ അടിത്തറ ഇളകി. ഇത് വീണ്ടും കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കേണ്ടി വന്നു.