ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.
തൊഴിലാളികളെ പുറത്തെത്തിക്കുന്നതിന് തുരങ്കത്തിനുള്ളില്‍ യന്ത്രസഹായം ഇല്ലാതെയുള്ള ഡ്രില്ലിംഗ് ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നു ദേശീയ ദുരന്ത പ്രതികരണ സേനാംഗം ലഫ്. ജനറല്‍ (റിട്ട.) സെയ്ദ് അതാ ഹസ്നൈൻ പറഞ്ഞു. ആറു പേരടങ്ങുന്ന സംഘമാണ് മാനുവല്‍ ഡ്രില്ലിംഗ് നടത്തുന്നത്. ഇവര്‍ മൂന്നു ഗ്രൂപ്പായാണ് പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
മാനുവല്‍ ഡ്രില്ലിംഗിലൂടെ തുരങ്കത്തില്‍ തകര്‍ന്നുവീണ അവശിഷ്‌ടങ്ങള്‍ പുറത്തെത്തിക്കും. തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ ഓഗര്‍ മെഷീന്‍റെ മുറിഞ്ഞുപോയ ബ്ലേഡുകള്‍ മുഴുവനായും നീക്കം ചെയ്തു. പ്രദേശത്തു കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
തിരശ്ചീനമായി തുരന്ന് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മുകളില്‍നിന്നു താഴോട്ടുള്ള തുരക്കലും പുരോഗമിക്കുന്നുണ്ടെന്ന് മൈക്രോ ടണലിംഗ് വിദഗ്ധൻ ക്രിസ് കൂപ്പര്‍ പറഞ്ഞു. ഇതേ വേഗതയിലാണ് തുരക്കല്‍ പുരോഗമിക്കുന്നതെങ്കില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ തൊഴിലാളികളെ രക്ഷിക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുകളില്‍നിന്നുള്ള തുരക്കല്‍ പൂര്‍ത്തിയായാല്‍ ഇതുവഴി സ്റ്റീല്‍ പൈപ്പ് ഇറക്കും. തുടര്‍ന്ന് ബക്കറ്റുകള്‍ ഇറക്കി അതില്‍ കയറ്റി “എയര്‍ ലിഫ്റ്റ്” ചെയ്താണു തൊഴിലാളികളെ പുറത്തെത്തിക്കുക. പ്രദേശത്തെ ഭൂപ്രകൃതിയാണു ഡ്രില്ലിംഗിന്‍റെ സമയദൈര്‍ഘ്യം നിര്‍ണയിക്കുകയെന്നും ക്രിസ് കൂപ്പര്‍ വ്യക്തമാക്കി.
അമേരിക്കൻ നിര്‍മിത ഓഗര്‍ മെഷീൻ ഉപയോഗിച്ചായിരുന്നു നേരത്തേ ഡ്രില്ലിംഗ് നടത്തിയത്. എന്നാല്‍ ഈ മെഷീൻ തകരാറിലായതോടെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി. ഇതോടെയാണ് മുകളില്‍നിന്നു തുരന്ന് രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ശ്രമം ആരംഭിച്ചത്.
വശത്തുകൂടിയുള്ള ഡ്രില്ലിംഗും ഇതിനൊപ്പം നടത്തും. മുകളില്‍നിന്നുള്ള തുരക്കലിന് നിലവില്‍ തടസമില്ലെങ്കിലും മുന്നോട്ടുപോകുന്തോറും എന്തെങ്കിലും തടസം നേരിട്ടാല്‍ “പ്ലാൻ ബി” എന്ന നിലയിലാണ് വശത്തുനിന്നുള്ള ഡ്രില്ലിംഗും നടത്തുന്നത്. പൈപ്പുകളുടെ അവശിഷ്‌ടം നീക്കം ചെയ്താലുടൻ രക്ഷാപ്രവര്‍ത്തകര്‍ പണിയായുധങ്ങള്‍ ഉപയോഗിച്ച് വശത്തുനിന്ന് തുരക്കുന്ന പ്രവൃത്തി ആരംഭിക്കും. സൈന്യമാണ് ഇതിനു മേല്‍നോട്ടം വഹിക്കുക. തായ്‌ലൻഡ്, നോര്‍വെ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരും രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായുണ്ട്.
ബ്രഹ്മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം ഈ മാസം 12 ന് പുലര്‍ച്ചെ 5.30നാണ് തകന്നത്. ഉത്തരാഖണ്ഡിലെ തീര്‍ഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ ബന്ധിപ്പിക്കുന്ന ചാര്‍ധാം റോഡ് പദ്ധതിയുടെ ഭാഗമാണു തുരങ്കം.