ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം ലക്ഷ്യത്തിലെത്തി.
ഡെറാഡൂണ്‍| ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം ലക്ഷ്യത്തിലെത്തി.
തുരങ്കമിടിഞ്ഞുവീണ അവശിഷ്ടങ്ങള്‍ക്ക് അകത്തുകൂടി 32 ഇഞ്ച് വ്യാസത്തില്‍ 60 മീറ്ററിലേറെ കുഴല്‍പാത തീര്‍ക്കുന്ന പ്രവൃത്തി ഉച്ചക്ക് ഒന്നരയോടെ പൂര്‍ത്തിയായി. തൊഴിലാളികളെ അല്‍പസമയത്തിനകം പുറത്തേക്കെത്തിക്കും.
കുഴിയെടുക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം തുരങ്കത്തില്‍ പൈപ്പ് വരെ റാംപ് നിര്‍മിക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി (എൻ.ഡി.എം.എ) അംഗം ലഫ്റ്റനന്റ് ജനറല്‍ (റിട്ട.) സയ്യിദ് അത്താ ഹസനൻ പറഞ്ഞു. റാമ്ബ് ഉണ്ടാക്കുന്നതില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, ഒരു ഗോവണി സ്ഥാപിക്കും. ഇതുവഴിയാകും തൊഴിലാളികളെ പൈപ്പിലേക്ക് കൊണ്ടുപോകുക. പൈപ്പില്‍ എത്തിയാല്‍ തൊഴിലാളികളെ സ്‌ട്രെച്ചറില്‍ കിടത്തി കയര്‍ ഉപയോഗിച്ച് വലിച്ച് പുറത്തെടുക്കും. ഒരു തൊഴിലാളിയെ തുരങ്കത്തില്‍ നിന്ന് പുറത്തെടുക്കാൻ 3 മുതല്‍ 5 മിനിറ്റ് വരെ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പുറത്തെടുക്കുന്ന തൊഴിലാളികളെ ആശുപത്രികളിലെത്തിക്കാനുള്ള ആംബുലന്‍സുകള്‍ തുരങ്കമുഖത്ത് സജ്ജമാണ്. 41 ആംബുലൻസുകളും ഡോക്ടര്‍മാരുടെ സംഘവും സ്ഥലത്ത് റെഡിയാണ്. അതിനാല്‍ തൊഴിലാളികള്‍ പുറത്തിറങ്ങിയാലുടൻ അവര്‍ക്ക് ആവശ്യാനുസരണം ചികിത്സ നല്‍കാനാകും. കേന്ദ്ര മന്ത്രി വി.കെ സിങ് സംഭവസ്ഥലത്തുണ്ട്.
തൊഴിലാളികളെ ആശുപത്രികളില്‍ എത്തിക്കാൻ പ്രത്യേക ഇടനാഴി സജ്ജമാക്കിയിട്ടുണ്ട്. അതുവഴി രക്ഷിച്ച തൊഴിലാളികളെ തുരങ്കത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ചിൻയാലിസൗര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് വേഗത്തില്‍ കൊണ്ടുപോകാൻ കഴിയും. 41 ഓക്സിജൻ കിടക്കകളുള്ള ഒരു വാര്‍ഡും ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ചിൻയാലിസൗര്‍ വിമാനത്താവളത്തില്‍ ചിനൂക്ക് ഹെലികോപ്റ്റര്‍ വിന്യസിച്ചിട്ടുണ്ട്. ഏതെങ്കിലും തൊഴിലാളിയുടെ ആരോഗ്യനില വഷളായാല്‍ ഉടൻ ഹെലികോപ്റ്ററില്‍ ഋഷികേശ് എയിംസിലേക്ക് അയക്കും.
വ്യോമമാര്‍ഗം എത്തിച്ച യന്ത്രങ്ങള്‍ ഉപയോഗിച്ച് തൊഴിലാളികള്‍ കുഴല്‍പാതക്കായി തുരന്നു തുടങ്ങിയയോടെയാണ് തിങ്കളാഴ്ച പുനരാരംഭിച്ച രക്ഷാദൗത്യത്തില്‍ വലിയ പുരോഗതിയുണ്ടായത്. ഖനികളില്‍ കുഴിയെടുക്കുന്ന റാറ്റ്ഹോള്‍ സംഘം നടത്തിയ തുരക്കലാണ് നിര്‍ണായകമായാത്. പരിചയസമ്ബന്നരായ 24 “റാറ്റ്-ഹോള്‍ മൈനിംഗ്” വിദഗ്ധരുടെ ഒരു സംഘം മാനുവല്‍ ഡ്രില്ലിംഗ് പ്രക്രിയയില്‍ ഏര്‍പ്പെടുകയും കുടുങ്ങിയ തൊഴിലാളികള്‍ക്ക് നേരെ വഴി കുഴിച്ചെടുക്കുകയുമായിരുന്നു.
32 ഇഞ്ച് വ്യാസമുള്ള കുഴല്‍പാതക്കകത്ത് തൊഴിലാളികളെ കയറ്റി ചെറിയ പണിയായുധങ്ങള്‍ ഉപയോഗിച്ച് തുരപ്പിച്ചാണ് കുഴല്‍പാതയുടെ അവശേഷിക്കുന്ന ഭാഗം പൂര്‍ത്തിയാക്കിയത്.