തിരുവനന്തപുരം: പൂജപ്പുരയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ തിരുവനന്തപുരം നഗരസഭയിലെ ക്ലാർക്കായ സുരേഷ്(41) പൂജപ്പുര പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ സഹോദരി നിഷയെ (37) കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂജപ്പുര വിദ്യാധിരാജ നഗറിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വത്തിനു വേണ്ടിയാണ് ഇയാൾ സഹോദരിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
മാനോദൗർബല്യമുള്ള നിഷയെ ഒൻപതാം തീയതി ഇയാൾ ക്രൂരമായി മർദിച്ചെന്ന് പോലീസ് പറയുന്നു. നിഷയെ അടുത്ത ദിവസം ഇയാൾ ജനറൽ ആശുപത്രിയിലെത്തിച്ചു. വീട്ടിലെ കുളിമുറിയിൽ വീണ് പരിക്കേറ്റെന്നാണ് ആശുപത്രി അധികൃതരോടു പറഞ്ഞിരുന്നത്. പ്രാഥമിക ചികിത്സയ്ക്കുശേഷം തിരികെ വീട്ടിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച നിഷ മരിച്ചു
ഒരുമാസം മുൻപാണ് പൂജപ്പുര വിദ്യാധിരാജ നഗറിൽ വി.ആർ.എൻ.എ. 191 എന്ന വീട്ടിൽ വാടകയ്ക്കു താമസിക്കാനെത്തിയത്. വെള്ളിയാഴ്ച രാവിലെ സഹോദരിയെ ആശുപത്രിയിൽ എത്തിക്കണമെന്നു പറഞ്ഞ്് ഇയാൾ സുഹൃത്തുക്കളെ വീട്ടിലേക്കു വിളിച്ചുവരുത്തി. രാവിലെ വീട്ടിൽ ബഹളം കേട്ടിരുന്നതായി അയൽവാസികളും പറഞ്ഞു. സുഹൃത്തുക്കൾ ആംബുലൻസുമായി എത്തുമ്പോൾ നിഷ ബോധമില്ലാതെ തറയിൽ കിടക്കുന്നതാണ് കണ്ടത്. സംശയത്തെ തുടർന്ന് ഇവരാണ് വിവരം പോലീസിനെ അറിയിക്കുന്നത്. പോലീസെത്തി പരിശോധിച്ച് ഇവരുടെ മരണം സ്ഥിരീകരിക്കുകയും സുരേഷിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സുരേഷ് സ്ഥിരം മദ്യപാനിയാണെന്ന് പോലീസ് പറയുന്നു
ശനിയാഴ്ച മൃതദേഹപരിശോധനാഫലം ലഭിച്ചതോടെയാണ് തലയ്ക്കടിയേറ്റതാണ് മരണകാരണമെന്ന് വ്യക്തമാകുന്നത്. മുഖവും തുടയും അടിച്ചുതകർത്തതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ഇതിനു പിന്നാലെ സുരേഷിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകമെന്ന് ഇയാൾ സമ്മതിച്ചത്. തടിക്കഷണം ഉപയോഗിച്ച് നിഷയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൂജപ്പുര പോലീസ് പറയുന്നു.