തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്തുകേസിൽ മുൻ കോൺസുൽ ജനറൽ, മുൻ അറ്റാഷെ എന്നിവർക്ക് ഷോകോസ് നോട്ടീസ് കൈമാറി. നേരത്തെ കസ്റ്റംസ് ഇവർക്കെതിരെ ഷോകോസ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവർക്കും നോട്ടീസ് കൈമാറിയിരിക്കുന്നത്.
നടപടിക്രമം അനുസരിച്ച് വിദേശകാര്യ മന്ത്രാലയം വഴിയാണ് മുൻ കോൺസുൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽ സാബി, മുൻ അറ്റാഷെ റാഷീദ് ഖാമീസി എന്നിവർക്ക് നോട്ടീസ് കൈമാറിയത്. നോട്ടീസ് ലഭിച്ചവർ അതിന് മറുപടി നൽകുക എന്നുള്ളതാണ് അടുത്ത നടപടിക്രമം. അതിനുശേഷം കേസിൽ തുടർനടപടികളിലേക്ക് കസ്റ്റംസ് കടക്കും. വളരെ നിർണായകമായ നീക്കമാണ് കസ്റ്റംസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇതോടെ അന്വേഷണം ഊർജ്ജിതമാക്കി മുന്നോട്ട് പോകാൻ കസ്റ്റംസിന് സാധിക്കും.
95 കിലോയോളം സ്വർണം കടത്താൻ കോൺസുൽ ജനറലും 71 കിലോ സ്വർണം കടത്താൻ അറ്റോഷെയും കൂട്ടുനിന്നുവെന്നുമാണ് കസ്റ്റംസ് കണ്ടെത്തൽ. സ്വർണക്കടത്തിനെപ്പറ്റി വ്യക്തമായ ധാരണ ഇരുവർക്കും ഉണ്ടായിരുന്നു. സരിത്ത് ഇവരുടെ വ്യാജ ഒപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞും ഇതിന് വേണ്ടി വിസയും പാസ്പോർട്ടും പ്രതികൾക്ക് നൽകുക തുടങ്ങിയ നിരവധി കുറ്റങ്ങൾ നിരത്തിക്കൊണ്ടുള്ള ഷോകോസ് നോട്ടീസാണ് ഇപ്പോൾ ഇരുവർക്കും കൈമാറിയിരിക്കുന്നത്.