ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകം: നാല് സിപിഎം പ്രവർത്തകർക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തി

February 19, 2022
242
Views

കൊച്ചി: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ നാല് പ്രതികൾക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തി. നേരത്തെ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസെടുത്തിരുന്നത്. ദീപു മരിച്ച സാഹചര്യത്തിലാണ് കൊലക്കുറ്റം ചുമത്തി കേസെടുത്തത്. കേസിൽ സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 12 നാണ് സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന് പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ദീപുവിന്റെ പോസ്റ്റ് മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും. ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്റ്റ് മോർട്ടം കോട്ടയത്തേക്ക് മാറ്റിയത്.

ഇന്നലെ രാത്രിയാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ട് പോയത്. വൈകീട്ട് മൂന്ന് മണിക്ക് മൃതദേഹം കിഴക്കമ്പലത്തെ ട്വന്റി ട്വന്റി നഗറിൽ പൊതു ദർശനത്തിന് വയ്ക്കും. പിന്നീട് വിലാപയാത്രയായി വീട്ടിലെത്തിക്കും. മരണാനന്തര ചടങ്ങുകൾക്ക് ശേഷം 5.30 ഓടെ കാക്കനാട് അത്താണിയിലെ പൊതു ശ്മശാനത്തിലാണ് സംസ്കാരം.

ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്നാണ് പാർട്ടിയുടെ ചീഫ് കോ ഓർഡിനേറ്റർ സാബു എം ജേക്കബ് ആരോപിക്കുന്നത്. സിപിഎമ്മിനും, കുന്നത്ത് നാട് എംഎൽഎ പിവി ശ്രീനിജനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നത്. ദീപുവിനെ സിപിഎം പ്രവർത്തകർ തല്ലിച്ചതച്ചുവെന്നും ദീപുവിന് കരൾ രോഗമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രീനിജൻ ശ്രമിക്കുന്നുവെന്നും ട്വന്റി ട്വന്റി കോർഡിനേറ്റർ സാബു എം ജേക്കബ് ആരോപിച്ചു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *