വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്കായി നൈജീരിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു
ജിദ്ദ: വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്കായി നൈജീരിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു. ഹസ്ന, ഹസീന എന്നീ സയാമീസ് ഇരട്ടകള്‍ മാതാപിതാക്കളോടൊപ്പം പ്രത്യേക വിമാനത്തില്‍ തിങ്കളാഴ്ച രാത്രിയാണ് എത്തിയത്.
സൗദി ഭരണാധികാരി സല്‍മാൻ രാജാവിെൻറയും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിൻ സല്‍മാെൻറയും നിര്‍ദേശാനുസരണമാണ് വേര്‍പെടുത്തല്‍ ശസ്ത്രക്രിയ നടത്തുന്നത്.
കിങ് സല്‍മാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറര്‍ (കെ.എസ് റിലീഫ്) സഹകരിച്ച് പ്രത്യേകം മെഡിക്കല്‍ ഇവാക്വേഷൻ വിമാനം സജ്ജീകരിച്ച് കുട്ടികളെ കൊണ്ടുവരാൻ ഞായറാഴ്ചയാണ് റിയാദില്‍നിന്ന് നൈജീരിയൻ തലസ്ഥാനമായ അബുജയിലേക്ക് പുറപ്പെട്ടത്.
റിയാദിലെത്തിച്ച സയാമീസ് ഇരട്ടകളെ പിന്നീട് വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള സാധ്യത പരിശോധനകള്‍ക്ക് കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കുട്ടികള്‍ക്കായുള്ള കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്നതിനുള്ള പ്രത്യേക പദ്ധതിക്കും പൊതുവായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സൗദി ഭരണകൂടം കാണിക്കുന്ന താല്‍പര്യത്തിനും പിന്തുണക്കും സല്‍മാൻ രാജാവിനും കിരീടാവകാശിക്കും ശസ്ത്രക്രിയാതലവൻ ഡോ. അബ്ദുല്ല അല്‍റബീഅ നന്ദി അറിയിച്ചു.
രാജ്യത്തെ ആരോഗ്യമേഖല വികസിപ്പിക്കുകയും ലോക രാജ്യങ്ങളുടെ മുൻനിരയില്‍ എത്തിക്കുകയും ചെയ്യുക എന്ന ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി സൗദി മെഡിക്കല്‍ മികവ് ഈ പ്രോഗ്രാം ഉള്‍ക്കൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സൗദിയിലെത്തിയത് മുതല്‍ തങ്ങള്‍ക്ക് ലഭിച്ച ഊഷ്‌മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യമര്യാദക്കും കുട്ടികളുടെ മാതാപിതാക്കള്‍ സല്‍മാൻ രാജാവിനും കിരീടാവകാശിക്കും നന്ദിയും കടപ്പാടും അറിയിച്ചു. സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്നതില്‍ ലോകത്ത് മുന്നിട്ട് നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. 32 വര്‍ഷത്തിനിടയില്‍ ലോകത്തിലെ പല രാജ്യങ്ങളിലായി ഏകദേശം 60 ശസ്ത്രക്രിയകള്‍ നടത്താൻ കഴിഞ്ഞിട്ടുണ്ട്.