കാഞ്ഞിരപ്പള്ളി: ഇരട്ടക്കുട്ടികളെ താലോലിക്കാൻ ആകാതെ, കൺമണികളെ ഒരുനോക്ക് കാണാതെ കൃഷ്ണപ്രിയ യാത്രയായി. തമ്പലക്കാട് പാറയിൽ ഷാജി-അനിത ദമ്പതിമാരുടെ മൂത്ത മകൾ കൃഷ്ണപ്രിയ (24) ആണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ ശേഷം അബോധാവസ്ഥയിലായ യുവതി എറണാകുളത്ത് രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് ശസ്ത്രക്രിയകൾ നടത്തി. വെന്റിലേറ്ററിലായി.
ഇതിനിടെ, ചികിത്സയ്ക്ക് പണം കണ്ടെത്താൻ നാട്ടുകാർ ചേർന്ന് ധനസമാഹരണവും നടത്തി. കഴിഞ്ഞ ദിവസം കണ്ണുതുറക്കുകയും കൈ അനക്കുകയും ചെയ്തതോടെ ആരോഗ്യവതിയായി തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ.
ഒരു വർഷം മുൻപായിരുന്നു മൂവാറ്റുപുഴ അയവന പാലനിൽക്കുംപറമ്പിൽ പ്രവീണുമായി കൃഷ്ണപ്രിയയുടെ വിവാഹം. മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയിൽ ജനുവരി 29-ന് സിസേറിയനിലൂടെ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. പിറ്റേന്ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് അബോധവാസ്ഥയിലായി. തുടർന്നാണ് എറണാകുളത്ത് എത്തിച്ചത്. ഗർഭപാത്രം എടുത്തുമാറ്റുന്നതുൾപ്പെടെയുള്ള ശസ്ത്രക്രിയകളാണ് നടത്തിയത്.
വയറ്റിൽ അണുബാധയുണ്ടായതിനെത്തുടർന്ന് രക്തസമ്മർദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക് ഉണ്ടായെന്ന് ഡോക്ടർമാർ പറഞ്ഞു. വിവിധ അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു.
ഇരട്ടക്കുട്ടികൾ മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയിലാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തമ്പലക്കാട്ടെ വീട്ടിൽ കൃഷ്ണപ്രിയയുടെ മൃതദേഹമെത്തിക്കും. മൂന്നിന് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.