ഉപഭോക്താക്കള്‍ക്ക് നല്കുന്ന ബ്ലൂ ടിക്ക് ബാഡ്ജുമായി ബന്ധപ്പെട്ടുള്ള നയങ്ങളില്‍ മാറ്റം വരുത്തി എക്സ് (പഴയ ട്വിറ്റര്‍).
എക്സില്‍ വലിയ ജനപ്രീതിയും സ്വാധീനവുമുള്ള ഉപഭോക്താക്കള്‍ക്ക് ഇനി ബ്ലൂ ടിക്ക് ബാഡ്ജ് സൗജന്യമായി നല്‍കും. എക്സ് പ്രീമിയം വരിക്കാരായ 2500 വെരിഫൈഡ് ഉപഭോക്താക്കള്‍ ഫോളോവര്‍മാരായുള്ള എക്സ് ഉപഭോക്താക്കള്‍ക്കാണ് ബ്ലൂ ടിക്ക് ബാഡ്ജ് ഉള്‍പ്പടെയുള്ള പ്രീമിയം ഫീച്ചറുകള്‍ സൗജന്യമായി ലഭിക്കുക.
മുമ്ബ് ഉപഭോക്താക്കളുടെ യഥാര്‍ത്ഥ അക്കൗണ്ട് തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് ബ്ലൂ ടിക്ക് നല്‍കിയിരിക്കുന്നത്. ഇത് സൗജന്യമായാണ് നല്‍കിയിരുന്നത്. പ്രശസ്തരും പ്രമുഖരുമായ വ്യക്തികളുടെ അക്കൗണ്ടുകള്‍ക്ക് ഇത് സൗജന്യമായാണ് നല്‍കിയിരുന്നത്. എന്നാല്‍ ട്വിറ്ററിനെ ഇലോണ്‍ മസ്ക് ഏറ്റെടുത്തതിന് ശേഷം സബ്സ്ക്രിപ്ഷന് എടുക്കുന്നവരുടെ അടയാളമായി ബ്ലൂ ടിക്ക് ബാഡ്ജ് മാറി.
എക്സ് പ്രീമിയം സബ്സ്ക്രിപ്ഷന് എടുക്കുന്നവര്‍ക്ക് മാത്രം ബ്ലൂ ടിക്ക് നല്‍കുമെന്ന നിലപാടിലാണ് എക്സ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇതോടൊപ്പം, 5000 വെരിഫൈഡ് ഫോളോവര്‍മാരുള്ള ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന സബ്സ്ക്രിപ്ഷന് പ്ലാനായ പ്രീമിയം പ്ലസ് സൗജന്യമായി ലഭിക്കും.
പ്രീമിയം ഉപഭോക്താക്കളുടെ പോസ്റ്റുകള്‍ക്ക് ട്വിറ്ററില്‍ മറ്റുള്ളവരേക്കാള്‍ പ്രാമുഖ്യം ലഭിക്കും. പരസ്യങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ പങ്കും എക്സ് പ്രീമിയം ഉപഭോക്താക്കള്‍ക്ക് നല്‍കും. എക്സ് പ്രീമിയം വരിക്കാരിലേക്ക് പരിമിതമായ പരസ്യങ്ങള്‍ മാത്രമേ കാണാനാവൂ. പ്രീമ്യം പ്ലസ് അക്കൗണ്ടുകളില്‍ ഒട്ടും പരസ്യങ്ങള്‍ കാണില്ല.
അതേസമയം എക്സിലെ ബോട്ടുകള്‍ നീക്കം ചെയ്യുന്ന പ്രക്രിയ നടക്കുന്നുണ്ടെന്നും ഉപഭോക്താക്കളുടെ ഫോളോവര്‍മാരുടെ എണ്ണത്തില്‍ ഇടിവുണ്ടാവാന്‍ സാധ്യതയുണ്ടെന്നും എക്സ് പറഞ്ഞു.